വ്യോമയാന മേഖലയിലെ പ്രമുഖ കമ്പനിയായ ഇന്‍ഡാമര്‍ ടെക്‌നിക്‌സിലെ (Indamer Technics) 100 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്ന് അദാനി ഗ്രൂപ്പ്. അദാനി ഡിഫന്‍സ് സിംസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് ലിമിറ്റഡിന് കീഴിലുള്ള നിക്ഷേപക സ്ഥാപനമായ ഹൊറൈസണ്‍ എയ്‌റോ സൊല്യൂഷ്യന്‍സ് ലിമിറ്റഡും പ്രൈം എയ്‌റോ സ്‌പേസ് സര്‍വീസസും ചേര്‍ന്നാണ് ഏറ്റെടുക്കല്‍. ഇന്‍ഡാമര്‍ ഡയറക്ടര്‍ പ്രജയ് പട്ടേലിന്റെയും അദാനി ഡിഫന്‍സിന്റെയും 50-50 പങ്കാളിത്തത്തിലാണ് ഹൊറൈസണ്‍ പ്രവര്‍ത്തിക്കുന്നത്.
വിമാനങ്ങളുടെ മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ (എം.ആര്‍.ഒ) എന്നിവ നടത്തുന്ന സ്ഥാപനമാണ് ഇന്‍ഡാമര്‍. നാഗ്പൂരിലെ മിഹാന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ 1.2 ലക്ഷം ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന അറ്റകുറ്റപ്പണി കേന്ദ്രം ഇന്‍ഡാമറിനുണ്ട്. 10 ഹാംഗറുകളിലായി 15 വിമാനങ്ങള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും. യു.എസിലേത് ഉള്‍പ്പെടെയുള്ള സിവില്‍ ഏവിയേഷന്‍ വകുപ്പുകളുടെ അംഗീകാരവും ഇതിനുണ്ട്. ഇന്ത്യയിലെയും വിദേശങ്ങളിലെയും വിമാനങ്ങളുടെ ലീസ് റിട്ടേണ്‍ ചെക്ക്, ഹെവി സി-ചെക്ക്, സ്ട്രക്ചറല്‍ റിപ്പയര്‍, പെയിന്റിംഗ് തുടങ്ങിയ ജോലികളാണ് ഇന്‍ഡാമര്‍ ചെയ്യുന്നത്. എന്നാല്‍ ഇടപാട് എത്ര കോടി രൂപക്കാണെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന അറ്റകുറ്റപ്പണി കമ്പനിയായ എയര്‍ വര്‍ക്ക്‌സ് ഇന്ത്യയിലെ 85.1 ഓഹരികളും അടുത്തിടെ അദാനി ഏറ്റെടുത്തിരിന്നു. 400 കോടി രൂപക്കായിരുന്നു അന്നത്തെ ഡീല്‍. വ്യോമയാന സര്‍വീസ്, അറ്റകുറ്റപ്പണി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍. യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് ഇന്ത്യയെന്ന് അദാനി എയര്‍പോര്‍ട്‌സ് ഡയറക്ടര്‍ ജീത് അദാനി പറഞ്ഞു. അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ പുതിയ 1,500 വിമാനങ്ങള്‍ കൂടി സ്വന്തമാക്കുന്നുണ്ട്. ഏവിയേഷന്‍ രംഗത്ത് പുതിയ മാറ്റമുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ക്ക് പിന്നാലെ അദാനി എന്റര്‍പ്രൈസസ് ഓഹരികളും ഇന്ന് നേട്ടത്തിലാണ്. നിലവില്‍ 13.40 രൂപ (0.57 ശതമാനം) ഉയര്‍ന്ന് 2,296.50 രൂപ എന്ന നിലയിലാണ് ഉച്ചക്ക് രണ്ട് മണിക്ക് ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്.
Adani Defence will acquire a 100% stake in Indamer Technics, strengthening its position in India’s maintenance, repair, and overhaul (MRO) sector and boosting capabilities in aviation services.
Read DhanamOnline in English
Subscribe to Dhanam Magazine