Image courtesy: adani group 
News & Views

സംയുക്ത സംരംഭത്തിലെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ അദാനി ഗ്രൂപ്പ്; സമാഹരിക്കുക 7,150 കോടി രൂപ

ഓഹരി വില്പന വാര്‍ത്ത പുറത്തു വന്നത് എ.ഡബ്ല്യു.എല്‍ ഓഹരികളെ ഉയര്‍ത്തി. 5.7 ശതമാനമാണ് ഇന്ന് ഓഹരികള്‍ നേട്ടമുണ്ടാക്കിയത്

Dhanam News Desk

വില്‍മര്‍ ഇന്റര്‍നാഷണലുമായി (Wilmar International) ചേര്‍ന്ന് ആരംഭിച്ച എ.ഡബ്ല്യു.എല്‍ ബിസിനസ് ലിമിറ്റഡിലെ 20 ശതമാനം കൂടി ഓഹരികള്‍ വിറ്റൊഴിയാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. വില്‍മര്‍ ഇന്റര്‍നാഷണലിന്റെ സബ്‌സിഡിയറി കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡ് (Lence Pte Ltd) ഓഹരിയൊന്നിന് 275 രൂപയ്ക്ക് വാങ്ങുന്നത്. ഇടപാടിന്റെ മൂല്യം 7,150 കോടി രൂപയ്ക്കടുത്ത് വരും.

ഇടപാട് പൂര്‍ത്തിയാകുന്നതോടെ എഡബ്ല്യുഎല്ലില്‍ ഏറ്റവും വലിയ ഓഹരിയുടമയായി വില്‍മര്‍ മാറും. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ സബ്‌സിഡിയറി കമ്പനിയായ അദാനി കമ്മോഡിറ്റീസിനാണ് എ.ഡബ്ല്യു.എല്ലിലെ 30.42 ശതമാനം ഓഹരി പങ്കാളിത്തം. എഫ്.എം.സി.ജി മേഖലയിലെ സംയുക്ത സംരംഭത്തില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുന്നതിന്റെ ഭാഗമായിട്ടാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി വിറ്റഴിക്കല്‍.

സംയുക്ത സംരംഭത്തില്‍ അദാനി ഗ്രൂപ്പിനും വില്‍മറിനും 44 ശതമാനം വീതമായിരുന്നു ഓഹരി പങ്കാളിത്തം. ജനുവരിയില്‍ കമ്പനിയിലെ 13.5 ശതമാനം ഓഹരികള്‍ 4,855 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വില്‍മറിന് കൈമാറിയിരുന്നു.

ഇപ്പോഴത്തെ വില്പനയ്ക്കുശേഷം വരുന്ന ഓഹരികള്‍ യോഗ്യതയുള്ള നിക്ഷേപകര്‍ക്കും വില്‍മര്‍ കൊണ്ടുവരുന്ന നിക്ഷേപകര്‍ക്കും വില്ക്കാനാണ് അദാനിയുടെ പദ്ധതി.

ഓഹരികള്‍ക്ക് ഉണര്‍വ്

ഓഹരി വില്പന വാര്‍ത്ത പുറത്തു വന്നത് എ.ഡബ്ല്യു.എല്‍ ഓഹരികളെ ഉയര്‍ത്തി. 5.7 ശതമാനമാണ് ഇന്ന് ഓഹരികള്‍ നേട്ടമുണ്ടാക്കിയത്. എ.ഡബ്ല്യു.എല്‍ അഗ്രി ബിസിനസ് ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 17,059 കോടി രൂപയിലെത്തി. ഭക്ഷ്യഎണ്ണ വില്പനയില്‍ നിന്നാണ് കമ്പനിയുടെ വരുമാനത്തിന്റെ ഏറിയപങ്കും, 13,415 കോടി രൂപ.

Adani Group exits AWL joint venture, sells 20% stake to Wilmar for ₹7,150 crore

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT