രാജ്യത്തെ ഏറ്റവും വലിയ നിര്‍മിത ബുദ്ധി (Artificial Intelligence - AI) ഡാറ്റാ സെന്റര്‍ ക്യാമ്പസ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വരുന്നു. ഗൂഗ്ള്‍ (Google), അദാനി ഗ്രൂപ്പിന് കീഴിലെ അദാനി കോണെക്‌സ് ( Adani ConneX) എന്നീ ഭീമന്‍മാരാണ് പദ്ധതിക്ക് പിന്നില്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ (2026-2030) ഏകദേശം 15 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.33 ലക്ഷം കോടി രൂപ) പദ്ധതിക്ക് വേണ്ടി നിക്ഷേപിക്കും. അമേരിക്കയ്ക്ക് പുറത്ത് ഗൂഗ്ള്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ എ.ഐ ഹബ്ബാണിത്. ഭാരതി എയര്‍ടെല്ലും പദ്ധതിയുടെ ഭാഗമാണ്.
ഗിഗാവാട്ട് സ്‌കെയിലിലുള്ള ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പ്ലാന്‍ ചെയ്യുന്നത്. രാജ്യത്തെ സംരംഭങ്ങള്‍ക്കും ഡവലപ്പര്‍മാര്‍ക്കും ഗൂഗിളിന്റെ അത്യാധുനിക എ.ഐ ശേഷികള്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി സമുദ്രത്തിനടിയിലൂടെയുള്ള പുതിയ കേബിള്‍ ശൃംഖല സ്ഥാപിക്കും. ഡാറ്റ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന വൈദ്യുതിയും നിര്‍മിക്കും. ഇവയുടെ വിതരണത്തിനായുള്ള സംവിധാനങ്ങളും ആന്ധ്രാപ്രദേശില്‍ ഒരുക്കും. ഉപയോഗ ശേഷം ബാക്കി വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നല്‍കും. ഡിജിറ്റല്‍ വളര്‍ച്ചയെ വേഗത്തിലാക്കാനും രാജ്യത്തെ സാങ്കേതിക രംഗത്ത് മുന്നിലെത്താനും ലക്ഷ്യമിട്ടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇത് കേവലം അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപമല്ലെന്നും വളരുന്ന ഒരു രാജ്യത്തിന്റെ ആത്മാവിലുള്ള നിക്ഷേപമാണെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. വിശാഖപട്ടണം സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ്. ഈ ചരിത്രപരമായ യാത്രയുടെ ശില്‍പികളാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ യുഗത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍ മുഴുവനായി പ്രയോജനപ്പെടുത്താനും വളര്‍ച്ചക്കുള്ള അടിത്തറ നല്‍കാനും സാധിക്കുന്ന എ.ഐ ഹബ്ബിലാണ് നിക്ഷേപം നടത്തുന്നതെന്ന് ഗൂഗ്ള്‍ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യനും പ്രതികരിച്ചു.
രാജ്യത്ത് ഗുണപരമായ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് വിശാഖപട്ടണത്ത് നിലവില്‍ വരുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ടെക്‌നോളജി, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ ലോകത്തിന്റെയും വിവര സംഭരണശാലയാണ് ഡാറ്റ സെന്ററുകളെന്ന് ഒറ്റവാക്കില്‍ പറയാം. വെബ്‌സൈറ്റുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നതിനുള്ള അതിശക്തമായ കമ്പ്യൂട്ടറുകള്‍ (സെര്‍വറുകള്‍) സൂക്ഷിച്ചിട്ടുള്ള വലിയ കെട്ടിടമാണിത്. ഈ സെര്‍വറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ അവ തണുപ്പിക്കാനുള്ള കൂളിംഗ് സംവിധാനങ്ങള്‍, വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ജനറേറ്ററുകള്‍, ഡാറ്റാ മോഷണം തടയാനുള്ള അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെല്ലാം ഡാറ്റാ സെന്ററിനുള്ളില്‍ സജ്ജീകരിച്ചിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine