ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനി ഇറ്റലിയില്‍ വിമാനത്തവളത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനായി രംഗത്ത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് വഴിയാണ് ഇറ്റലിയിലെ കറ്റാനിയ എയര്‍പോര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ നേടാനായി രംഗത്തുള്ളത്. അദാനി ഗ്രൂപ്പിനെ കൂടാതെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഒന്‍പത് കമ്പനികളും രംഗത്തുണ്ട്.
യാത്രക്കാരുടെ എണ്ണത്തില്‍ ഇറ്റലിയിലെ അഞ്ചാമത്തെ തിരക്കേറിയ വിമാനത്താവളമാണ് കറ്റാനിയ. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സിന് പുറമെ വിന്‍സി എയര്‍പോര്‍ട്ട്‌സ്, റോയല്‍ സ്‌കിപോള്‍ ഗ്രൂപ്പ്, കോര്‍പ്പറേഷന്‍ അമേരിക്ക എയര്‍പോര്‍ട്ട്‌സ്, മുണ്ടീസ്, സേവ്, 2ഐ എയ്‌റോപോര്‍ട്ട്സ്, മാഗ് ഓവര്‍സീസ് ഇന്‍വെസ്റ്റ്‌മെന്റ്, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനി, മാക്വാരി യൂറോപ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ മറ്റ് കമ്പനികള്‍.
ഇറ്റാലിയന്‍ നിക്ഷേപ ബാങ്കായ മെഡിയോബങ്കയുടെ മേല്‍നോട്ടത്തില്‍ 2022ലാണ് കറ്റാനിയ വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചത്. ഈ ഇടപാടിന് ഏകദേശം 6,500 കോടി രൂപ വരെ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ആഗോളതലത്തില്‍ വ്യോമയാന ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് ഈ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, ഗുവാഹത്തി, മംഗളൂരു, തിരുവനന്തപുരം, നവി മുംബൈ തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങള്‍ നടത്തിവരുന്ന അദാനി ഗ്രൂപ്പ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററാണ്. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ യൂറോപ്പില്‍ അദാനിയുടെ ആദ്യത്തെ വലിയ വിമാനത്താവള നിക്ഷേപമായിരിക്കും ഇറ്റലിയിലേത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ എയര്‍പോര്‍ട്ട് ബിസിനസില്‍ 90,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കറ്റാനിയയുടെ ഏറ്റെടുക്കല്‍ വിജയിച്ചാല്‍ അത് കമ്പനിയുടെ ആഗോള പോര്‍ട്ട്‌ഫോളിയോയ്ക്ക് വലിയ കരുത്താകും.
അദാനി ഗ്രൂപ്പ് സ്വന്തം വിമാന സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്ന തരത്തില്‍ അടുത്തിടെ മാധ്യമവാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദാനി എന്റര്‍പ്രൈസസ് വാര്‍ത്ത നിഷേധിച്ചിരുന്നു. വ്യോമയാന മേഖലയിലെ മറ്റ് സേവനങ്ങളില്‍ സാന്നിധ്യമുണ്ടെങ്കിലും കൊമേഴ്‌സ്യല്‍ എയര്‍ലൈന്‍ ബിസിനസിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
Read DhanamOnline in English
Subscribe to Dhanam Magazine