രാജ്യത്തെ വിമാനത്താവള നടത്തിപ്പില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ എയര്‍ലൈന്‍ മേഖലയിലും നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. നിലവിലുള്ള വിമാനക്കമ്പനികളിലോ പുതിയ എയര്‍ലൈന്‍ സംരംഭങ്ങളിലോ നിക്ഷേപം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയതായി അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ റോബി സിംഗ് വ്യക്തമാക്കി. മുംബൈയില്‍ നടന്ന ഇന്ത്യ ഡെറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഉച്ചകോടിയിലാണ് ഗ്രൂപ്പിന്റെ ഈ നിര്‍ണായക നീക്കം അദ്ദേഹം വെളിപ്പെടുത്തിയത്.
രാജ്യത്ത് വിമാനയാത്ര നടത്താന്‍ ശേഷിയുള്ള 60 കോടിയിലധികം ആളുകളുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യകത നിറവേറ്റാന്‍ പ്രതിദിന വിമാന സര്‍വീസുകളുടെ എണ്ണം നിലവിലുള്ളതിന്റെ പത്തിരട്ടിയോളം ഉയര്‍ത്തി 30,000 ആക്കേണ്ടതുണ്ടെന്ന് റോബി സിംഗ് പറഞ്ഞു. വിമാനക്കമ്പനികളുടെ വളര്‍ച്ചയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിലൂടെ ഈ മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഗ്രൂപ്പിന്റെ നീക്കം.
അദാനി ഗ്രൂപ്പ് വിമാനക്കമ്പനി തുടങ്ങാന്‍ തയാറെടുക്കുന്നതായി ഈ വര്‍ഷം ജൂലൈയില്‍ ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് കമ്പനി രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ ഉപയോക്താക്കളായ വിമാനക്കമ്പനികളുമായി മത്സരിക്കുന്നത് മികച്ച ബിസിനസ് തന്ത്രമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തിരുവനന്തപുരം, മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ഗുവാഹത്തി ഉള്‍പ്പെടെ രാജ്യത്തെ എട്ട് വിമാനത്താവളങ്ങള്‍ നിലവില്‍ അദാനി ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ മൊത്തം വിമാന യാത്രക്കാരില്‍ നാലിലൊന്നു പേരും അദാനിയുടെ കീഴിലുള്ള വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന വിപണിയുടെ ഏകദേശം 90 ശതമാനവും ഇന്‍ഡിഗോയുടെയും ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയുടെയും നിയന്ത്രണത്തിലാണ്. 2025ല്‍ ഇന്‍ഡിഗോ നേരിട്ട പ്രതിസന്ധിയെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത് രാജ്യത്ത് കൂടുതല്‍ വിമാനക്കമ്പനികള്‍ വേണമെന്ന ആവശ്യത്തിന് ശക്തിപകര്‍ന്നിരുന്നു. അദാനിയുടെ നിക്ഷേപ നീക്കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ മത്സരം കടുപ്പിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine