News & Views

കറന്റ് ചാര്‍ജ് കുടിശിക ₹1,000 കോടി കടന്നു, ബംഗ്ലാദേശിന്റെ 'ഫ്യൂസ്' ഊരാന്‍ അദാനി ഗ്രൂപ്പ്

വൈദ്യുതി മുടക്കം പതിവായതോടെ രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പല ഫാക്ടറികളും പാതി കപ്പാസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നത്

Dhanam News Desk

ബംഗ്ലാദേശില്‍ ഫെബ്രുവരി 12ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വൈദ്യുതി വിതരണത്തില്‍ മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്. ബംഗ്ലാദേശിന് വൈദ്യുതി നല്കുന്ന വകയില്‍ കുടിശിക 1,000 കോടി പിന്നിട്ടെന്നും പണം നല്കാത്ത പക്ഷം കണക്ഷന്‍ വിച്ഛേദിക്കുമെന്നുമാണ് മുന്നറിയിപ്പ്. ജനുവരി 29നാണ് ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡിന് (പിഡിബി) കത്തയച്ചത്.

അദാനി പവര്‍ ലിമിറ്റഡ് ആണ് ബംഗ്ലാദേശിന് സ്ഥിരമായി വൈദ്യുതി നല്കുന്നത്. ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ കമ്പനികളുമായി ദീര്‍ഘകാല വൈദ്യുതി കരാറില്‍ ഒപ്പിട്ടിരുന്നു. മതതീവ്രവാദ സംഘടനകളുടെ പ്രക്ഷോഭത്തില്‍ ഹസീന സര്‍ക്കാര്‍ വീണതോടെ രാജ്യത്ത് വ്യവസായിക രംഗം വലിയ തിരിച്ചടി നേരിട്ടിരുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വന്നശേഷം വൈദ്യുതി കുടിശിക വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

പ്രതിസന്ധി ആദ്യമല്ല

ഹസീന അധികാരഭ്രഷ്ടയാക്കപ്പെട്ട ശേഷം ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം മോശമാണ്. ഇന്ത്യന്‍ കമ്പനികള്‍ക്കെതിരേയും ബംഗ്ലാദേശില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ബംഗ്ലാദേശുമായി അദാനി പവര്‍ 25 വര്‍ഷ കരാറിലത്തിയിരുന്നു. ഹസീനയുടെ കാലത്ത് വഴിവിട്ട നീക്കങ്ങളിലൂടെയാണ് അദാനി ഗ്രൂപ്പ് കരാര്‍ നേടിയതെന്നാണ് പ്രക്ഷോഭകരുടെ വാദം.

2017ല്‍ ഷേഖ് ഹസീന സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ പ്രകാരം ജാര്‍ഖണ്ഡിലെ ഗോഡ വൈദ്യുതി പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി അടുത്ത 25 വര്‍ഷത്തേക്ക് ബംഗ്ലാദേശിന് നല്കണമെന്നതാണ്. ഈ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. അതേസമയം, ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ബംഗ്ലാദേശ് വലിയ തിരിച്ചടി നേരിടും.

വൈദ്യുതി മുടക്കം പതിവായതോടെ രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പല ഫാക്ടറികളും പാതി കപ്പാസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നത്. അദാനി ഗ്രൂപ്പില്‍ നിന്നുള്ള വൈദ്യുതി പൂര്‍ണമായും മുടങ്ങിയാല്‍ ബംഗ്ലാദേശ് ഏതുരീതിയില്‍ മുന്നോട്ടു പോകുമെന്ന് വ്യക്തമല്ല.

മത്സരത്തിന് വിദ്യാര്‍ത്ഥി നേതാക്കളും

മത്സരത്തിന് വിദ്യാര്‍ത്ഥി നേതാക്കളും വ്യാഴാഴ്ച നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയെ പുറത്താക്കാന്‍ നേതൃത്വം നല്കിയ വിദ്യാര്‍ത്ഥി നേതാക്കളും മത്സരിക്കുന്നുണ്ട്. ഹസീനയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ ഇന്‍ക്വിലാബ് മോഞ്ചോ എന്ന പേരിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം.

ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ബാനറിലാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗ്ലാദേശില്‍ വലിയ തോതില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Adani Group warns of power cutoff to Bangladesh over ₹1,000 crore unpaid dues amid political unrest

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT