Adani, Canva
News & Views

70 ഏക്കറില്‍ ₹600 കോടി നിക്ഷേപം! കൊച്ചിയില്‍ അദാനി ഗ്രൂപ്പിന്റെ വന്‍ പദ്ധതി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് കളമശേരിയിലെ ഭൂമിയില്‍ വ്യവസായ പദ്ധതിക്ക് തുടക്കമാകുന്നത്

Dhanam News Desk

കൊച്ചി കളമശേരിയില്‍ അദാനി ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 23ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എച്ച്.എം.ടി വ്യവസായ മേഖലയിലെ 70 ഏക്കര്‍ ഭൂമിയിലാണ് നിര്‍മാണം. 600 കോടി രൂപയാണ് ഗൗതം അദാനി ചെയര്‍മാനായ അദാനി ഗ്രൂപ്പ് മുടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തടസങ്ങളെല്ലാം പരിഹരിച്ചു. ബന്ധപ്പെട്ട അനുമതികള്‍ ലഭ്യമാക്കിയതായും വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി.

15 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ ആയിരക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ മരുന്ന്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ സംഭരണത്തിനും നീക്കത്തിനും ഇവിടെ പ്രത്യേക സൗകര്യങ്ങളൊരുക്കും. ആധുനിക രീതിയിലുള്ള ആറ് വെയര്‍ ഹൗസുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങള്‍, കൊച്ചി വിമാനത്താവളം, ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് എന്നിവയുടെ സാമീപ്യം പാര്‍ക്കിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് പോലുള്ള കമ്പനികള്‍ ഇതിനോടകം തന്നെ ലോജിസ്റ്റിക്‌സ് പാര്‍ക്കില്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ ഇവിടേക്കെത്തുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രതീക്ഷ.

വിവാദങ്ങള്‍ക്ക് അവസാനം

ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് കളമശേരിയിലെ ഭൂമിയില്‍ വ്യവസായ പദ്ധതിക്ക് തുടക്കമാകുന്നത്. 2004-2005 കാലഘട്ടത്തിലാണ് ഐ.ടി പാര്‍ക്ക് നിര്‍മാണത്തിന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിംഗ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (എച്ച്.ഡി.ഐ.എല്‍) കീഴിലെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് 70 ഏക്കര്‍ ഭൂമി കൈമാറുന്നത്. 60,000 പേര്‍ക്ക് നേരിട്ടും ഒരുലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ എച്ച്.ഡി.ഐ.എല്‍ പാപ്പരായതോടെ പദ്ധതിയും നിലച്ചു. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഭൂമി കൈമാറ്റം ഇടയാക്കിയിരുന്നു. 2018ല്‍ ബ്ലൂസ്റ്റാര്‍ റിയല്‍സ്റ്ററിനെ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തിലാണ് അദാനി ഗ്രൂപ്പ് കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT