തൊട്ടതെല്ലാം പൊന്നാക്കുന്ന ഗൗതം അദാനി പുതിയൊരു ഏറ്റെടുക്കലിന് ഒരുങ്ങുന്നു. അതും, ഒരുകാലത്ത് ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യത്തിലെ യുവരാജാവാകുമെന്ന് കരുതിയിരുന്ന അനില്‍ അംബാനിയുടെ കമ്പനിയെ. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ് എന്ന കമ്പനിയെയാണ് അദാനി പവറിലൂടെ ഏറ്റെടുക്കുക.
പാപ്പരത്ത നടപടികളില്‍ കുരുങ്ങി കിടക്കുന്ന വിദര്‍ഭ പവറിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വിദര്‍ഭ ഇന്‍ഡസ്ട്രീസിന്റെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം കൂടി ലഭിച്ചാലേ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.
വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 600 മെഗാവാട്ട് തെര്‍മല്‍ പവര്‍ പ്ലാന്റ് സ്വന്തമായുണ്ട്. വൈദ്യുത വിതരണ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന അദാനി പവറിന് നേട്ടം കൊയ്യാന്‍ ഏറ്റെടുക്കല്‍ വഴി സാധിക്കും.
ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നത് അദാനി പവര്‍ ഓഹരികള്‍ക്ക് കുതിപ്പേകി. ഇന്ന് രാവിലെ 470.15 രൂപയിലായിരുന്ന ഓഹരി 5.86 ശതമാനം ഉയര്‍ന്ന് 497.70 രൂപയിലെത്തി. അദാനി പവര്‍ ഓഹരികള്‍ കഴിഞ്ഞ 12 മാസത്തിനിടെ 14.49 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 52 മാസത്തെ ഉയര്‍ന്ന വില 896.75 രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 13,671 കോടി രൂപയായി ഉയര്‍ന്നിരുന്നു. ലാഭം മുന്‍ വര്‍ഷം സമാനപാദത്തിലെ 2,738 കോടി രൂപയില്‍ നിന്ന് 2,940 കോടിയായും ഉയര്‍ന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine