അദാനി ഗ്രൂപ്പിന് വൈദ്യുതി വാങ്ങിയ വകയില്‍ ഉണ്ടായിരുന്ന കോടികളുടെ കുടിശിക തിരിച്ചടച്ച് തുടങ്ങിയതായി ബംഗ്ലാദേശ്. ഇതോടെ തടസപ്പെട്ടു കിടന്നിരുന്ന വൈദ്യുതി വിതരണം വീണ്ടും തുടങ്ങുകയും ചെയ്തു. ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ റസൂല്‍ കരീം ആണ് ഇക്കാര്യം അറിയിച്ചത്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബംഗ്ലാദേശ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയുമായുള്ള ബന്ധവും ഈ ഘട്ടത്തില്‍ വഷളായിരുന്നു. ഈ ഘട്ടത്തിലാണ് അദാനി പവര്‍ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണത്തില്‍ കുറവുവരുത്തിയത്. രണ്ടാഴ്ച മുമ്പ് മുതല്‍ ബംഗ്ലാദേശിനുള്ള വൈദ്യുതിയില്‍ വര്‍ധന വരുത്തിയെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2017ലാണ് ബംഗ്ലാദേശ് സര്‍ക്കാരുമായി അദാനിഗ്രൂപ്പ് 25 വര്‍ഷത്തേക്കുള്ള വൈദ്യുതി കരാറിലൊപ്പിട്ടത്. അതനുസരിച്ച് ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ 1,600 മെഗാവാട്ട് വൈദ്യുത നിലയത്തില്‍ നിന്നാണ് ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തുന്നത്.
ഒരു സമയത്ത് 850 മില്യണ്‍ ഡോളര്‍ പിന്നിട്ടിരുന്ന കുടിശിക ഇപ്പോള്‍ 800 മില്യണ്‍ ഡോളറായി കുറഞ്ഞിരിക്കുകയാണ്, അതും അടുത്ത ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നാണ് ബംഗ്ലാദേശ് ഉറപ്പു നല്‍കിയിരിക്കുന്നത്.
യൂനുസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അദാനി പവറും ബംഗ്ലാദേശും തമ്മില്‍ വൈദ്യുതി താരിഫ് കണക്കാക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന മറ്റ് ഇന്ത്യന്‍ കമ്പനികളുടേതിനേക്കാള്‍ കൂടിയതാണ് അദാനി പവറിന്റെ നിരക്കെന്നാണ് ആരോപണം. അദാനിയുമായുള്ള കരാര്‍ വിദഗ്ദ്ധ സമതി പരിശോധിക്കണമെന്ന് ബംഗ്ലാദേശ് കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. 2017ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയാണ് കരാര്‍ ഒപ്പുവെച്ചത്.
ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചെന്ന വാര്‍ത്ത അദാനി പവര്‍ ഓഹരികളെയും സ്വാധീനിച്ചു. ഇന്ന് 5.15 ശതമാനം ഉയര്‍ന്നാണ് അദാനി പവര്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. രണ്ടുലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് അദാനി പവര്‍. ഡിസംബര്‍ പാദത്തില്‍ 13,671 കോടി രൂപ വിറ്റുവരവും 2,940 കോടി രൂപ ലാഭവും കമ്പനി നേടിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine