News & Views

അദാനി വില്‍മര്‍ ഇനി 'അച്ചാര്‍' വില്ക്കും, ഏറ്റെടുക്കല്‍ നീക്കം വില്‍മര്‍ പിന്മാറ്റത്തിനു പിന്നാലെ!

സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍

Dhanam News Desk

എഫ്.എം.സി.ജി രംഗത്തെ മുന്‍നിരക്കാരായ അദാനി വില്‍മര്‍ അച്ചാര്‍, സോസ് ഉത്പന്നങ്ങളും വില്‍ക്കും. ഈ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ജി.ഡി ഫുഡ്‌സിനെ ഏറ്റെടുക്കുന്നതോടെയാണിത്. 'ടോപ്‌സ്' എന്ന ബ്രാന്‍ഡിലാണ് കമ്പനി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ആദ്യ ഘട്ടത്തില്‍ 80 ശതമാനം ഓഹരികളും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള 20 ശതമാനം ഓഹരികളും കൈമാറുന്ന രീതിയിലാണ് ഇടപാടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കേജ്ഡ് ഫുഡ് മേഖലയിലെ അവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും അതുവഴി വരുമാന വര്‍ധന നേടാനും പുതിയ ഏറ്റെടുക്കലിലൂടെ അദാനി വില്‍മറിന് സാധിക്കും. 603 കോടി രൂപയ്ക്കാണ് ആദ്യ ഘട്ട ഏറ്റെടുക്കല്‍ നടത്തുന്നത്.

ജി.ഡി ഫുഡ്‌സിന് 2023-24 സാമ്പത്തികവര്‍ഷം 386 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്. 1984ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ടൊമാറ്റോ കെച്ചപ്പ്, ജാം, അച്ചാര്‍, നൂഡില്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലിറക്കുന്നുണ്ട്. രാജ്യമെമ്പാടും കമ്പനിക്ക് 1,50,000 ഔട്ട്‌ലെറ്റുകളുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍.

എഫ്.എം.സി.ജി മേഖലയില്‍ നിന്ന് പിന്മാറാന്‍ അദാനി

വില്‍മറുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. അദാനി വില്‍മറില്‍ അദാനി എന്റര്‍പ്രൈസസിനുള്ള 44 ശതമാനം ഓഹരികളാണ് വില്‍മറിന്റെ മാതൃ കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡിന് (Lence Pte Ltd) കൈമാറുന്നത്. ഇതുവഴി 17,400 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസിന് ലഭിക്കുക.

വില്‍പ്പനയുടെ വിവരങ്ങള്‍ നേരത്തെ തന്നെ അദാനി എന്റര്‍പ്രൈസസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. അദാനിയുടെ കൈവശമുള്ള ഓഹരികളില്‍ 31.06 ശതമാനം ഓഹരികളാണ് ലെന്‍സ് ലിമിറ്റഡ് വാങ്ങുന്നത്. എഫ്.എം.സി.ജി മേഖലയില്‍ നിന്ന് മാറി അടിസ്ഥാന മേഖലകളില്‍ നിക്ഷേപമിറക്കാനാണ് അദാനി എന്റര്‍പ്രൈസസിന്റെ നീക്കം.

പുതിയ ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഓഹരികളും മുന്നേറി. രാവിലെ രണ്ടു ശതമാനത്തിനടുത്ത് ഓഹരികള്‍ക്ക് കുതിപ്പുണ്ടായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT