News & Views

കൊച്ചിയില്‍ 70 ഏക്കറില്‍ 15 ലക്ഷം ചതുരശ്രയടിയില്‍ വമ്പന്‍ ലോജിസ്റ്റിക് പാര്‍ക്ക്, പ്രധാന വിതരണ കേന്ദ്രമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്; നിര്‍മാണം ആരംഭിക്കുന്നു

കമ്പനികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള വെയര്‍ഹൗസുകള്‍ ലഭ്യമാക്കുകയാണ് അദാനി ലോജിസ്റ്റിക് പാര്‍ക്കിന്റെ ലക്ഷ്യം

Dhanam News Desk

ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയില്‍ എറണാകുളം കളമശേരിയില്‍ ആരംഭിക്കുന്ന അദാനി ലോജിസ്റ്റിക് പാര്‍ക്കിന്റെ നിര്‍മാണം ഈ മാസം തുടങ്ങും. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ലോജിസ്റ്റിക് പാര്‍ക്കിന്റെ ശിലാസ്ഥാപനം 28നാണ്. നിര്‍മാണം ആരംഭിക്കും മുമ്പേ പാര്‍ക്കിലെ സൗകര്യം ഉപയോഗപ്പെടുത്താന്‍ നിരവധി കമ്പനികള്‍ രംഗത്തുണ്ട്.

കളമശേരിയില്‍ എച്ച്.എം.ടിയുടെ കൈയില്‍ നിന്ന് വാങ്ങിയ 70 ഏക്കര്‍ സ്ഥലത്താണ് ലോജിസ്റ്റിക് പാര്‍ക്ക് വരുന്നത്. 15 ലക്ഷം ചതുരശ്രയടിയിലാണ് പാര്‍ക്ക് വരുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

വിതരണകേന്ദ്രമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്

കേരളത്തിലെ തങ്ങളുടെ വിതരണകേന്ദ്രമായി ലോജിസ്റ്റിക് പാര്‍ക്കിനെ മാറ്റാനാണ് ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഇതിനായി പാർക്കിലെ കൂടുതൽ സ്ഥലം ഇ-കൊമേഴ്‌സ് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യകേരളത്തിലാണെന്നതും എയര്‍പോര്‍ട്ടും തുറമുഖവും ദേശീയപാതയുടെ സാമീപ്യവുമെല്ലാം ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഗുണകരമാകും.

കമ്പനികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള വെയര്‍ഹൗസുകള്‍ ലഭ്യമാക്കുകയാണ് അദാനി ലോജിസ്റ്റിക് പാര്‍ക്കിന്റെ ലക്ഷ്യം. അദാനി പോര്‍ട്‌സിന്റെ ഉപസ്ഥാപനമായിട്ടാണ് ലോജിസ്റ്റിക് പാര്‍ക്ക് പ്രവര്‍ത്തിക്കുക. 16 മീറ്റര്‍ വീതിയുള്ള ട്രക്ക് ഏപ്രണും ട്രക്കുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും പാര്‍ക്കിലുണ്ടാകും.

ദേശീയപാതകളുമായി ചേര്‍ന്ന് ലോജിസ്റ്റിക് പാര്‍ക്ക് പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് അടുത്തിടെ മന്ത്രി പി. രാജീവ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി ലോജിസ്റ്റിക്സ് നയവും സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, രണ്ട് പ്രധാന തുറമുഖങ്ങള്‍, 17 ചെറു തുറമുഖങ്ങള്‍, മികച്ച റോഡ് സൗകര്യങ്ങള്‍, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയെല്ലാം കേരളത്തിലെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് മികച്ച കണക്ടിവിറ്റി ഉറപ്പു നല്‍കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT