Canva
News & Views

17,200 കോടി രൂപയുടെ മെഗാ ഏറ്റെടുക്കലിലൂടെ ഹരിതോര്‍ജ വിപണി പിടിച്ചടക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്

ഈ ഏറ്റെടുക്കലോടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മൊത്തം ഹരിതോര്‍ജ ശേഷി 9.3 ജിഗാവാട്ടായി ഉയരും

Dhanam News Desk

ഇന്ത്യന്‍ ഹരിതോര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ആദിത്യ ബിര്‍ള ഗ്രൂപ്പ്. പ്രമുഖ ആഗോള എണ്ണക്കമ്പനിയായ ഷെല്ലിന്റെ (Shell) ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ പ്ലാറ്റ്ഫോമായ 'സ്പ്രിംഗ് എനര്‍ജി'യെ (Sprng Energy) 17,200 കോടി രൂപയ്ക്കാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ (Grasim Industries) സബ്‌സിഡിയറിയായ ആദിത്യ ബിര്‍ള റിന്യൂവബിള്‍സ് ലിമിറ്റഡ് വഴിയാണ് ഈ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. സ്പ്രിംഗ് എനര്‍ജിയുടെ ഹോള്‍ഡിംഗ് കമ്പനിയായ സൊലനെര്‍ജി പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഷെല്‍ ഓവര്‍സീസ് ഇന്‍വെസ്റ്റ്മെന്റില്‍ നിന്ന് വാങ്ങും.

വലിയ നീക്കം

ഈ ഏറ്റെടുക്കലോടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മൊത്തം ഹരിതോര്‍ജ ശേഷി 9.3 ജിഗാവാട്ടായി ഉയരും. രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ കമ്പനികളിലൊന്നായി മാറാന്‍ ഗ്രൂപ്പിന് ഇത് കരുത്തേകും.

ഈ ഇടപാടിലൂടെ 5 ജിഗാവാട്ട് ശേഷിയുള്ള കരാറുകളാണ് ആദിത്യ ബിര്‍ളയ്ക്ക് ലഭിക്കുക. ഇതില്‍ 3.3 ജിഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ നിലവില്‍ പ്രവര്‍ത്തനസജ്ജമാണ്. 1.7 ജിഗാവാട്ട് പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. കൂടാതെ വന്‍കിട വികസന പദ്ധതികളുടെ ശൃംഖലയും സ്പ്രിംഗ് എനര്‍ജി വഴി കമ്പനിക്ക് കൈവരും. ഈ സാമ്പത്തികവര്‍ഷം തന്നെ ലയനം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

നിലവില്‍ 4.4 ജിഗാവാട്ട് ശേഷിയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനികള്‍ക്കുള്ളത്. ഗ്രാസിം, ഹിന്‍ഡാല്‍കോ, അള്‍ട്രാടെക് തുടങ്ങിയ ഉപകമ്പനികള്‍ വഴിയാണ് കമ്പനിയുടെ ഹരിതോര്‍ജ വിതരണം. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഊര്‍ജ വിതരണ കമ്പനികള്‍ക്കും വൈദ്യുതി നല്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT