ഇന്ത്യന്‍ ഹോം അപ്ലയന്‍സ് മേഖലയില്‍ മറ്റൊരു ഏറ്റെടുക്കലിന് കൂടി കളമൊരുങ്ങുന്നു. അമേരിക്കന്‍ കമ്പനിയായ വേള്‍പൂള്‍ ഇന്ത്യയുടെ ഇന്ത്യന്‍ വിഭാഗത്തെ യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അഡ്‌വെന്റ് ഇന്റര്‍നാഷണലാണ് ഏറ്റെടുക്കുന്നത്. ഒരു ബില്യന്‍ ഡോളര്‍ ( ഏകദേശം 8,800 കോടി രൂപ) ചെലവിട്ടാണ് കമ്പനിയിലെ 31 ശതമാനം ഓഹരി വാങ്ങുന്നതെന്നും ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസിലെ മിഷിഗണ്‍ ആസ്ഥാനമായ വേള്‍പൂള്‍ 1980ലാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. 2010ല്‍ ഓഹരി പ്രവേശനവും നടത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കമ്പനിയിലെ 24.7 ശതമാനം ഓഹരികള്‍ വേള്‍പൂള്‍ ഇന്ത്യ വിറ്റിരുന്നു. നിലവില്‍ വേള്‍പൂള്‍ മൗറീഷ്യസ് കമ്പനിയിലൂടെ 51 ശതമാനം ഓഹരിയാണ് ഇന്ത്യന്‍ സബ്‌സിഡിയറിയില്‍ ഉള്ളത്. ഇക്കൊല്ലത്തിന്റെ തുടക്കത്തില്‍ 31 ശതമാനം ഓഹരി കൂടി വില്‍ക്കുമെന്ന് കമ്പനി അറിയിച്ചു. വില്‍പ്പന സാധ്യമായാല്‍ വേള്‍പൂള്‍ ഇന്ത്യയില്‍ 20 ശതമാനം ഓഹരിയേ മാതൃകമ്പനിക്ക് ബാക്കിയാകൂ. സെബിയുടെ നിബന്ധന അനുസരിച്ച് ഏറ്റെടുക്കുന്ന കമ്പനി ഓഫര്‍ ഫോര്‍ സെയിലിലൂടെ 26 ശതമാനം ഓഹരികള്‍ കൂടി വില്‍ക്കേണ്ടി വരും.
അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2025-26) രണ്ടാം പാദത്തില്‍ കനത്ത നഷ്ടമാണ് വേള്‍പൂള്‍ ഇന്ത്യ നേരിട്ടത്. കമ്പനിയുടെ മൊത്തലാഭം 20.54 ശതമാനം ഇടിഞ്ഞു. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 52.02 കോടി രൂപയുണ്ടായിരുന്നത് ഇക്കുറി 41.33 കോടി രൂപയായി മാറി. പ്രവര്‍ത്തന വരുമാനം 3.83% ഇടിഞ്ഞ് 1,647.27 കോടി രൂപയായി. റഫ്രിജറേറ്റര്‍ വിപണിയിലെ ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവാണ് വരുമാനം കുറയാനുള്ള ഒരു പ്രധാന കാരണം. മറ്റ് കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയതും തിരിച്ചടിയായി. നികുതിക്ക് മുന്‍പുള്ള ലാഭത്തിലും (Profit Before Tax - PBT) കമ്പനി വലിയ ഇടിവ് നേരിട്ടു. പി.ബി.റ്റി 35.13% കുറഞ്ഞ് 47.59 കോടി രൂപയിലെത്തി.
വേള്‍പൂള്‍ ഓഹരികള്‍ ഇന്നും നഷ്ടത്തിലാണ്. നിലവില്‍ 2.5 ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine