വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഭക്ഷണം കഴിക്കാവുന്ന ഉഡാന്‍ യാത്രി കഫേകള്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി. ഉഡാന്‍ യാത്രി കഫേ എന്ന് പേരിട്ട ഭക്ഷണശാലകള്‍ അധികം വൈകാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വരുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഉഡാന്‍ യാത്രി കഫേ കൊല്‍ക്കത്ത സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഏരിയയോട് (യാത്ര പുറപ്പെടുന്ന സ്ഥലം) ചേര്‍ന്നാകും ഉഡാന്‍ കഫേ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക. യാത്രക്കാര്‍ക്ക് ആവശ്യമായ ചായ, കോഫി, സ്‌നാക്‌സ്, വെള്ളം തുടങ്ങിയവ താങ്ങാവുന്ന വിലയില്‍ ഇവിടെ ലഭിക്കും. വിമാനത്താവളത്തിലെ ഭക്ഷണവില കൂടുതലാണെന്ന് 10ല്‍ ആറ് വിമാനയാത്രക്കാരും അഭിപ്രായപ്പെട്ട സര്‍വേഫലം അടുത്തിടെ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിലെ ഭക്ഷണത്തിന് യഥാര്‍ത്ഥ വിലയേക്കാള്‍ 200 ശതമാനം വരെ അധികം കൊടുക്കേണ്ടി വരുന്നെന്നായിരുന്നു യാത്രക്കാരുടെ പരാതി. കഴിഞ്ഞ 12 മാസത്തിനിടെ ഇത് സംബന്ധിച്ച ആയിരക്കണക്കിന് പരാതികളും സര്‍ക്കാരിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിമാനത്താവളത്തിലെ ഭക്ഷണക്കൊള്ളക്ക് അറുതി വരുത്താന്‍ തീരുമാനിച്ചത്.
രാജ്യത്തെ ഏവിയേഷന്‍ രംഗവും യാത്രക്കാരുടെ എണ്ണവും കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഏറെ വളര്‍ന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഡോമസ്റ്റിക് ഏവിയേഷന്‍ ഹബ്ബാണ്. ഇനി ഒന്നാമതാവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine