ആഗോള സമവാക്യങ്ങള്‍ മാറ്റിയെഴുതുന്ന യുദ്ധമാണ് പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ബിസിനസ് ഹബ്ബായി ഉയര്‍ന്നു വന്നുകൊണ്ടിരുന്ന ദുബൈയുടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷിത നിക്ഷേപ ഇടമെന്ന ഖ്യാതിക്ക് മങ്ങലേറ്റു. എണ്ണവ്യാപാരത്തില്‍ മിഡില്‍ ഈസ്റ്റിനെ മാത്രം ആശ്രയിക്കുന്നത് തിരിച്ചടിയാണെന്ന ചിന്ത ലോകരാജ്യങ്ങളില്‍ പ്രബലമാകാനും യുദ്ധം വഴിയൊരുക്കി.
ഇറാനെതിരേ യുഎസും സഖ്യകക്ഷികളും നടത്തുന്ന യുദ്ധം റഷ്യയ്ക്ക് ലൈഫ്‌ലൈന്‍ ആയി മാറിയെന്ന് അടുത്തിടെ പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. യുഎസ് ഉപരോധം മൂലം റഷ്യന്‍ എണ്ണയ്ക്ക് അടുത്ത കാലത്ത് വലിയ സ്വീകാര്യതയില്ലായിരുന്നു. എന്നാല്‍ യുദ്ധം പ്രമാണിച്ച് റഷ്യയോടുള്ള അയിത്തം താല്ക്കാലികമായി മാറ്റിവച്ച ട്രംപിന്റെ നടപടി മോസ്‌കോയ്ക്ക് ആശ്വാസമായി.
യുക്രെയ്ന്‍ യുദ്ധത്തിലൂടെ തകര്‍ന്നടിഞ്ഞ ഖജനാവ് വീണ്ടും നിറയ്ക്കാന്‍ വ്‌ളാഡ്മിര്‍ പുടിന് അവസരം നല്കുന്നതായി ഊര്‍ജ്ജ പ്രതിസന്ധി. യുദ്ധം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിസന്ധി കാലത്തെ എണ്ണവില്പനയിലൂടെ റഷ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഗള്‍ഫ് യുദ്ധത്തിന്റെ ആരും ശ്രദ്ധിക്കപ്പെടാത്ത ഗുണഭോക്താക്കള്‍ പക്ഷേ ആഫ്രിക്കന്‍ ഭൂഖണ്ഡമാണെന്നാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലെ എണ്ണ, പ്രകൃതിവാതക ഇടിവ് മറികടക്കാന്‍ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ നോക്കുന്നത് ആഫ്രിക്കയിലേക്കാണ്. ഹോര്‍മൂസ്, ചെങ്കടല്‍ എന്നിവിടങ്ങളിലെ സംഘര്‍ഷ മേഖലകള്‍ തൊടാതെ ചരക്ക് എത്തിക്കാമെന്നതാണ് ആഫ്രിക്കയുടെ പ്ലസ് പോയിന്റ്.
സംഘര്‍ഷം നീണ്ടുനില്‍ക്കുകയും ആഫ്രിക്ക എണ്ണവിതരണത്തില്‍ മുന്നോട്ടു വരികയും ചെയ്താല്‍ ഭാവി എണ്ണ ശക്തികളായി ഇരുണ്ട ഭൂഖണ്ഡം മാറും. എണ്ണ ഖനന അടിസ്ഥാന വികസനത്തില്‍ കൂടുതല്‍ നിക്ഷേപം വരുന്നത് ആഫ്രിക്കയുടെ ഭാവിയെ ശോഭനമാക്കുമെന്ന് ഓയില്‍പ്രൈസ്‌ഡോട്ട്‌കോമില്‍ പ്രമുഖ വാണിജ്യ മാധ്യമപ്രവര്‍ത്തകനായ അലക്‌സ് കിമാനിയുടെ ലേഖനം അടിവരയിടുന്നു.
നൈജീരിയ, ലിബിയ, അംഗോള, ഗാബോണ്‍, നമീബിയ, ടാന്‍സാനിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ആഫ്രിക്കയിലെ പ്രധാന എണ്ണ നിക്ഷേപക രാജ്യങ്ങള്‍. യൂറോപ്പിന് ഈ രാജ്യങ്ങളില്‍ നിന്ന് സുരക്ഷിതമായ റൂട്ടിലൂടെ എണ്ണയെത്തിക്കാനാകും. കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയവും ആഫ്രിക്കന്‍ റൂട്ടിന്റെ പ്രത്യേകതയാണ്.
ഇന്ത്യ കൂടുതല്‍ വെല്ലുവിളി നേരിടുന്ന പ്രകൃതിവാതക ഇറക്കുമതിക്കാണ്. ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലവിലെ പ്രകൃതിവാതക കയറ്റുമതി പ്രതിവര്‍ഷം 80 മില്യണ്‍ ടണ്‍ ആണ്. 2040ഓടെ ഇത് പ്രതിവര്‍ഷം 175 മില്യണ്‍ ടണ്‍ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ നേട്ടം കൈവരിക്കാനായാല്‍ ലോകത്തിന്റെ പ്രധാന പ്രകൃതിവാതക വിതരണക്കാരായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാറും.
ലോകത്തിന്റെ ഊര്‍ജ്ജാവശ്യത്തില്‍ പ്രധാന റോളിലേക്ക് എത്തുന്നതോടെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ എണ്ണ ഖനന അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ വിപുലീകരിക്കേണ്ടി വരും. യൂറോപ്യന്‍ കമ്പനികള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ആഫ്രിക്കയിലേക്ക് ശ്രദ്ധയൂന്നി തുടങ്ങിയിട്ടുണ്ട്.
ഫ്രഞ്ച് വമ്പന്മാരായ ടോട്ടല്‍ എനര്‍ജീസ് (TotalEnergies) കഴിഞ്ഞ വര്‍ഷം മൊസാംബിക്കിലെ 20 ബില്യണ്‍ ഡോളറിന്റെ എല്‍എന്‍ജി പ്രൊജക്ട് പുനരാരംഭിച്ചിരുന്നു. സുരക്ഷ ഭീഷണികളെ തുടര്‍ന്ന് 5 വര്‍ഷം തടസപ്പെട്ടു കിടന്ന ശേഷമാണ് പദ്ധതിയുടെ വേഗത വര്‍ധിപ്പിച്ചത്. 2029ല്‍ ഇവിടെ നിന്ന് ഉത്പാദനം ആരംഭിക്കാന്‍ സാധിക്കും.
ആഫ്രിക്കയുടെ തലവര മാറ്റിയെഴുതുമെന്ന് കരുതപ്പെടുന്ന പദ്ധതികളിലൊന്നാണ് ട്രാന്‍സ് സഹാറന്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി (TransSaharan Gas Pipeline -TSGP). 2000ത്തിന്റെ തുടക്കം മുതലുള്ളതാണ് ഈ ആശയം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സഹാറ മരുഭൂമിയിലൂടെ യൂറോപ്പിലേക്ക് ഗ്യാസ് കയറ്റുമതി നടത്താനുള്ള പൈപ്പ് ലൈന്‍ പദ്ധതിയാണിത്. നൈജീരിയ-നൈജര്‍-അള്‍ജീരിയ എന്നീ രാജ്യങ്ങളിലൂടെയാകും പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്.
ഏകദേശം 4,100 കിലോമീറ്റര്‍ ദൂരം. അള്‍ജീരിയില്‍ നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ ഗ്യാസ് യൂറോപ്പിലേക്ക് എത്തിക്കും. തുടക്കം മുതല്‍ പദ്ധതി മെല്ലെപ്പോക്കിലാണ്. 2009ലാണ് മൂന്നു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്. പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ പദ്ധതി മന്ദഗതിയിലായി. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം യൂറോപ്പില്‍ ഗ്യാസ് ക്ഷാമം വന്നതോടെ പദ്ധതി വീണ്ടും വേഗത്തിലായി. റഷ്യന്‍ ആശ്രിതത്വം കുറയ്ക്കാന്‍ യൂറോപ്പ് മുന്‍കൈയെടുത്ത് പദ്ധതി വേഗത്തിലാക്കാനാണ് നീക്കം.
Read DhanamOnline in English
Subscribe to Dhanam Magazine