News & Views

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 11 ചിത്രങ്ങള്‍ മാത്രം, ഒന്‍പതും സാമ്പത്തിക പരാജയം, ദിലീപിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് പ്രോജക്ടുകളുടെ ഭാവി എന്ത്?

ദിലീപിന്റെ തിരിച്ചുവരവെന്ന് വിലയിരുത്തപ്പെട്ട രാമലീലയ്ക്ക് ശേഷം തിരിച്ചടികളുടെ വര്‍ഷങ്ങളാണ് ദിലീപിനെ കാത്തിരുന്നത്.

Dhanam News Desk

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ മലയാള സിനിമയില്‍ വലിയൊരു തിരിച്ചുവരവിനാകും ദിലീപ് ശ്രമിക്കുക. 2017ല്‍ കേസിന് ആസ്പദമായ സംഭവം നടന്നതിനുശേഷം ബോക്‌സോഫീസില്‍ ദിലീപിന്റേതായി വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും സാമ്പത്തികമായി തിരസ്‌കരിക്കപ്പെടുകയും ചെയ്തു.

കുടുംബ പ്രേക്ഷകരായിരുന്നു ദിലീപിന്റെ കരുത്ത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് താരത്തിന്റെ കരിയറിനും തിരിച്ചടിയായി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് 'രാമലീല' റിലീസായത്. ബോക്‌സോഫീസില്‍ ഗംഭീര ഹിറ്റായി മാറിയ ചിത്രം തീയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത് 55 കോടി രൂപയ്ക്ക് മുകളിലാണ്. വെറും 14 കോടി രൂപയായിരുന്നു ബജറ്റ്.

ദിലീപിന്റെ തിരിച്ചുവരവെന്ന് വിലയിരുത്തപ്പെട്ട രാമലീലയ്ക്ക് ശേഷം തിരിച്ചടികളുടെ വര്‍ഷങ്ങളാണ് ദിലീപിനെ കാത്തിരുന്നത്. കമ്മാരസംഭവം, കോടതിസമക്ഷം ബാലന്‍ വക്കീല്‍, ശുഭരാത്രി, ജാക് ആന്‍ഡ് ഡാനിയേല്‍, മൈ സാന്റ, കേശു ഈ വീടിന്റെ നായകന്‍ തുടങ്ങിയ ചിത്രങ്ങളൊന്നും ചിത്രങ്ങളെന്നും തീയറ്ററില്‍ ക്ലിക്കായില്ല.

വിവാദ സംഭവത്തിനുശേഷം ദിലീപ് അഭിനയിക്കുന്ന സിനിമകളുടെ എണ്ണവും കുറഞ്ഞു. 2021ല്‍ ഒരു ചിത്രം മാത്രമാണ് താരത്തിന്റേതായി പുറത്തു വന്നത്. 2022ല്‍ തട്ടാശേരി കൂട്ടം എന്നപേരില്‍ സിനിമ നിര്‍മിച്ചെങ്കിലും അതും വിജയിച്ചില്ല. 2023ല്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന പേരിലിറങ്ങിയ ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടിയതാണ് സമീപകാലത്ത് എടുത്തു പറയാനുള്ളത്. ഇതിനുശേഷം ഇറങ്ങിയ ബാന്ദ്ര, പവി കെയര്‍ടേക്കര്‍, പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നിവ കൈപൊള്ളിച്ചു.

പ്രതീക്ഷ 'ഭഭബ'

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭഭബ' ആണ് ഉടന്‍ പുറത്തിറങ്ങാനുള്ള ദിലീപ് ചിത്രം. ഡിസംബര്‍ 18ന് ക്രിസ്മസ് റിലീസായിട്ടാകും ചിത്രമെത്തുക. രണ്ടുവര്‍ഷത്തോളം സമയമെടുത്താണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. 40 കോടി രൂപയ്ക്കടുത്താണ് ചിത്രത്തിന്റെ ബജറ്റെന്ന് അനൗദ്യോഗിക വിവരം.

വലിയ ക്യാന്‍വാസില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ സംബന്ധിച്ച് ആശ്വാസം പകരുന്ന വാര്‍ത്തയാണ് കോടതിയില്‍ നിന്നുണ്ടായത്. കേസില്‍ ദിലീപ് ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ടായിരുന്നു.

ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ദിലീപിന്റേതായി ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. മുമ്പ് പ്രഖ്യാപിച്ചിരുന്ന, പിന്നീട് മുടങ്ങിപ്പോയ പറക്കും പപ്പന്‍ എന്ന ചിത്രം വീണ്ടും പൊടിതട്ടിയെടുക്കാനും താരത്തിന് പദ്ധതിയിടുണ്ടെന്ന് വാര്‍ത്തകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT