ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വില്ക്കാന്‍ ഉടമസ്ഥരായ ഡിയാഗോ (Diageo) തീരുമാനിച്ചത് അടുത്തിടെയാണ്. കൂടുതല്‍ ലാഭകരമായ മദ്യബിസിനസില്‍ പൂര്‍ണമായി ശ്രദ്ധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമ്പനിയുടെ തീരുമാനം. ഇപ്പോഴിതാ മറ്റൊരു ഐപിഎല്‍ ടീം കൂടി വില്പനയ്ക്ക് വച്ചിരിക്കുകയാണെന്നാണ് വിവരം.
ഐപിഎല്ലിലെ മറ്റൊരു ടീമായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കെയുടെ സഹോദരന്‍ ഹര്‍ഷ ഗോയങ്കെയാണ് രാജസ്ഥാന്‍ റോയല്‍സ് വില്പനയ്‌ക്കൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണ്‍ വരെ കളിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വില്പന സംബന്ധിച്ച വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്. രാജസ്ഥാന്‍ റോയല്‍സ് വില്പനയ്ക്ക് വച്ചിരിക്കുകയാണന്നും പൂനെ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ടീമിനെ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. റോയല്‍സ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ കൈവശമാണ് രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ 65 ശതമാനം ഓഹരികളും. ലാക്‌ലാന്‍ മര്‍ഡോക്, റെഡ്‌ബേര്‍സ് ക്യാപിറ്റല്‍ തുടങ്ങിയവര്‍ക്കും ഓഹരി പങ്കാളിത്തമുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഫ്രാഞ്ചൈസികളെല്ലാം ലാഭത്തിലാണ്. ഐപിഎല്‍ ടീമുകളുടെ ബ്രാന്‍ഡ് വാല്യു അതിന്റെ ഏറ്റവും ഉയരത്തിലാണെന്നും ഇനിയും കൂടില്ലെന്നും അടുത്തിടെ വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ മണിഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനവും ഐപിഎല്‍ വരുമാനത്തെ ബാധിച്ചിരുന്നു.
ഡ്രീംഇലവന്‍ ഉള്‍പ്പെടെയുള്ള ഗെയിമിംഗ് കമ്പനികളാണ് ഒട്ടുമിക്ക ടീമുകളുടെയും പ്രധാന സ്‌പോണ്‍സര്‍മാരായി എത്തിയിരുന്നത്. വരും സീസണുകളില്‍ ടീമുകളുടെ വരുമാനം കുറയാനുള്ള സാധ്യതയുണ്ട്. ഐപിഎല്‍ ടിക്കറ്റുകളുടെ ജിഎസ്ടി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിച്ചതും ടീമുകള്‍ക്ക് തിരിച്ചടിയാണ്.
1,000 രൂപയുടെ ടിക്കറ്റിന് കഴിഞ്ഞ സീസണ്‍ വരെ നികുതി ഉള്‍പ്പെടെ 1,280 രൂപയായിരുന്നു നല്‌കേണ്ടിയിരുന്നത്. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ 1,400 രൂപ കൊടുക്കേണ്ടി വരും. ഇത് ടീമുകളുടെ ടിക്കറ്റ് വരുമാനത്തെ ബാധിക്കും. ഉയര്‍ന്ന മൂല്യത്തില്‍ നില്‍ക്കുമ്പോള്‍ ടീമുകളെ വിറ്റൊഴിവാക്കുകയെന്ന തന്ത്രമാണ് നിക്ഷേപകരില്‍ നിന്നുണ്ടാകുന്നത്. കൂടുതല്‍ ടീമുകള്‍ വില്പനയുമായി രംഗത്തെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
Read DhanamOnline in English
Subscribe to Dhanam Magazine