രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. കഴിഞ്ഞ ദിവസം സൊമാറ്റോ ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വിഗ്ഗിയും നിരക്കുകള്‍ ഉയര്‍ത്തിയത്. പ്ലാറ്റ്‌ഫോം ഫീ 17 ശതമാനം വര്‍ധിച്ച് 17.58 രൂപയായി ഉയര്‍ന്നു.
പുതിയ നിരക്ക് മാറ്റത്തോടെ സൊമാറ്റോയുടെ നിരക്കിനൊപ്പമായി സ്വിഗ്ഗിയുടെ പ്ലാറ്റ്‌ഫോം ഫീസും. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇത് നാലാംതവണയാണ് സ്വിഗ്ഗി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2023ല്‍ കേവലം രണ്ട് രൂപ മാത്രമായിരുന്നു ഫുഡ് ഡെലിവറി ആപ്പുകളുടെ പ്ലാറ്റ്‌ഫോം ഫീസ്. വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീസ് തുടര്‍ച്ചയായി ഉയര്‍ത്തുന്നത്.
സ്വിഗ്ഗിയും സൊമാറ്റോയും ചേര്‍ന്ന് പ്രതിദിനം 45 ലക്ഷം ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയിലെ ചെറിയ വര്‍ധന പോലും പ്രതിദിന വരുമാനത്തില്‍ വലിയ നേട്ടം ഈ കമ്പനികള്‍ക്ക് സമ്മാനിക്കും. ഇരുകമ്പനികളും ചേര്‍ന്ന് പ്ലാറ്റ്‌ഫോം ഫീ ഇനത്തില്‍ ഒരുവര്‍ഷം 3,500-4,000 കോടി രൂപ നേടുന്നുണ്ടെന്നാണ് കണക്ക്.
ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സ്വിഗ്ഗിയുടെ ഓഹരിവിലയിലും പ്രതിഫലിച്ചു. ഓഹരിവിലയില്‍ ഇന്നൊരു ഘട്ടത്തില്‍ മൂന്നുശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. ഡിസംബര്‍ പാദത്തില്‍ മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ വരുമാനം ഇരട്ടിയായെങ്കിലും നഷ്ടം കുതിച്ചുയര്‍ന്നിരുന്നു. 2024 ഡിസംബര്‍ പാദത്തില്‍ സ്വിഗ്ഗിയുടെ നഷ്ടം 799 കോടി രൂപയായിരുന്നു. ഇത്തവണയിത് 1,065 കോടി രൂപയായി ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine