പശ്ചിമേഷ്യന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഭക്ഷ്യോത്പന കയറ്റുമതിയെ ബാധിക്കുന്നു. യുദ്ധം ഒരുമാസം പിന്നിട്ടതോടെ ചരക്കുകൂലി പലമടങ്ങ് വര്‍ധിച്ചു. കേരളത്തില്‍ നിന്നടക്കം പഴം, പച്ചക്കറി, അരി ഉത്പന്നങ്ങളുടെ കയറ്റുമതി വലിയ തോതില്‍ ഇടിയാന്‍ കയറ്റുമതി കൂലി വര്‍ധിച്ചത് കാരണമായി.
പച്ചക്കറി കടത്തുകൂലി യുദ്ധം തുടങ്ങിയശേഷം ആറിരട്ടി വര്‍ധിച്ചതായി കയറ്റുമതിക്കാര്‍ പറയുന്നു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചശേഷം ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോത്പാദന കയറ്റുമതിയില്‍ വലിയ കുറവുണ്ടായി. അത്യാവശ്യ സാധനങ്ങള്‍ മാത്രമാണ് ഗള്‍ഫിലേക്ക് കയറിപോകുന്നത്.
ചരക്കുകൂലിയിലെ വര്‍ധന, സുരക്ഷ ക്ലിയറന്‍സ് ലഭിക്കാനുള്ള കാലതാമസം തുടങ്ങിയ കാരണങ്ങള്‍ ഗള്‍ഫിലേക്കുള്ള കയറ്റുമതി ലാഭകരമല്ലാതാക്കി മാറ്റിയെന്ന് ഫ്രഷ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എക്‌സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എക്‌രാം ഹുസൈന്‍ പറഞ്ഞു.
ഫെബ്രുവരി 28ന് ശേഷം അയച്ച ബസുമതി അരി കണ്ടെയ്‌നറുകള്‍ പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. എപ്പോഴത്തേക്ക് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് അറിയില്ലെന്ന് പഞ്ചാബില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ പറയുന്നു. മറ്റ് വിപണികളിലേക്ക് കയറ്റുമതി മാറ്റുകയെന്നതിലേക്ക് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായും വില്പനക്കാര്‍ പറയുന്നു. ഇന്ത്യന്‍ ബസുമതി അരിയുടെ വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇറാന്‍. കഴിഞ്ഞ വര്‍ഷം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ടെഹ്‌റാനിലേക്കുള്ള കയറ്റുമതി അത്ര സുഗമമല്ല.
ഇന്ത്യന്‍ ബസുതി അരിയുടെ 60-70 ശതമാനം കയറ്റുമതിയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ്. യുദ്ധം കനത്തതോടെ കര്‍ഷകര്‍ മുതല്‍ കയറ്റുമതിക്കാര്‍ വരെ പ്രതിസന്ധിയിലായി. 2025ല്‍ 50 ബില്യണ്‍ ഡോളറിന്റെ അരിയാണ് ഗള്‍ഫിലേക്ക് കയറ്റിയയച്ചത്.
ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയും പശ്ചിമേഷ്യന്‍ യുദ്ധവും ഇന്ത്യയുടെ കാര്‍ഷിക മേഖലയെ വലിയതോതില്‍ ബാധിക്കും. ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വലിയ വിപണിയാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുദ്ധം നീണ്ടുനിന്നാല്‍ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുകയോ പുതിയ മാര്‍ക്കറ്റുകള്‍ തേടേണ്ടി വരികയോ ചെയ്യാം. ഇതത്ര എളുപ്പമല്ല. കര്‍ഷകരുടെ വരുമാനം ഇടിയുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഹ്രസ്യകാല തകര്‍ച്ചയ്ക്ക് വഴിയൊരുക്കും.
യുദ്ധം നീണ്ടുനിന്നാല്‍ രാസവളങ്ങളുടെ വില കുതിച്ചുയരാന്‍ ഇടയാകും. ഇന്ത്യ വളങ്ങള്‍ കൂടുതലായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഉത്പന്നങ്ങള്‍ക്ക് ആവശ്യത്തിന് വില കിട്ടാതിരിക്കുകയും കൃഷി ചെലവ് വര്‍ധിക്കുകയും ചെയ്യുന്നത് കാര്‍ഷികമേഖലയില്‍ മാന്ദ്യത്തിന് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine