ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള 2026ന് മുന്നോടിയായി ഒരു മാസം നീളുന്ന സംസ്ഥാനതല ബാസ്‌കറ്റ്‌ബോള്‍ ക്യാമ്പെയ്‌നുമായി സംഘാടകര്‍. സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, എബിസി ഫിറ്റ്‌നസ് ഫസ്റ്റും കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനുമായി ചേര്‍ന്നാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.
കേരളത്തിലെ ഗ്രാസ്റൂട്ട് തലത്തിലുള്ള ബാസ്‌കറ്റ്‌ബോള്‍ പങ്കാളിത്തം ശക്തിപ്പെടുത്തുക, കളി കഴിവുള്ള താരങ്ങളെ കണ്ടെത്തുക, സംസ്ഥാനത്തെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളുടെ പാരമ്പര്യവും നിലവാരവും രേഖപ്പെടുത്തുക എന്നിവയാണ് ഈ ക്യാമ്പെയ്നിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള താരങ്ങള്‍ക്ക് അവരുടെ അടിസ്ഥാന ബാസ്‌കറ്റ്‌ബോള്‍ കഴിവുകള്‍ ലളിതവും സുതാര്യവുമായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ലീഗിന്റെ വിജയത്തിന് പിന്നാലെ നവാസ് മീരാന്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരും ബിഎല്‍കെയുമായി സഹകരിക്കുന്നുണ്ട്.
കേരള ഡിജിറ്റല്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് മാപ്പിംഗിലൂടെ കേരളത്തിലെ നിരവധി ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളെ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയ്ക്കും തുടക്കമിട്ടിട്ടുണ്ട്.
മുന്‍ അന്തര്‍ദേശീയ താരങ്ങള്‍, കേരള വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം അംഗങ്ങള്‍, കോച്ചുമാര്‍, സമൂഹ പ്രതിനിധികള്‍ എന്നിവര്‍ ഈ ക്യാമ്പെയ്നിന്റെ ഭാഗമായി വിവിധ രീതികളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
2026 ഏപ്രിലില്‍ ആദ്യ സീസണ്‍ ആരംഭിക്കുന്ന രീതിയിലാണ് ലീഗിന്റെ മുന്നൊരുക്കങ്ങളുമായി സംഘാടകര്‍ മുന്നോട്ടു പോകുന്നത്. പ്രഥമ സീസണ്‍ നടക്കുക കടവന്ത്ര റീജിണല്‍ സ്പോര്‍ട്സ് സെന്ററിലാകും. വിവിധ ജില്ലകളുടെ പേരിലുള്ള 6 ഫ്രാഞ്ചൈസി ടീമുകളാകും ലീഗില്‍ പങ്കെടുക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine