വിശ്വാസവും ജ്യോതിഷവും ഇടകലര്‍ത്തിയുള്ള ആപ്ലിക്കേഷനുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡിനുശേഷം വിശ്വാസവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ഈ രംഗത്തേക്ക് വ്യത്യസ്ത സേവനങ്ങളുമായി നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഭൂതം, ഭാവി മുതല്‍ ടെക്‌നോളജിയെ കൂട്ടുപിടിച്ച് എല്ലാവിധത്തിലുമുള്ള സേവനങ്ങളും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വിശ്വാസികള്‍ക്കായി നല്കുന്നുണ്ട്.
അപ്‌സ്‌ഫോര്‍ഭാരത്, ഭഗ്‌വ, ഉത്സവ് തുടങ്ങിയ ആസ്‌ട്രോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഭക്തരെ ആകര്‍ഷിക്കുന്നതിനായി ടെക്‌നോളജിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും അനുയോജ്യമായ പ്രാര്‍ത്ഥനകള്‍, പുരോഹിതര്‍ മുതല്‍ മുഖം നോക്കി ഭാവി പറയാന്‍ പോലും എ.ഐയെ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്കാന്‍ ഇത് വഴിയൊരുക്കുന്നുവെന്നാണ് ആപ്പ് ഡെവലപ്പര്‍മാര്‍ പറയുന്നത്.
ആസ്‌ട്രേളജി സ്റ്റാര്‍ട്ടപ്പായ വയാ അടുത്തിടെ 13 കോടി രൂപ സമാഹരിച്ചിരുന്നു. ഫണ്ടിംഗിന്റെ 40 ശതമാനവും എ.ഐയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഓരോ ഉപയോക്താവിനും അനുയോജ്യമായ പ്രാര്‍ത്ഥനകളും പൂജാവിധികളും നല്കാന്‍ എ.ഐയുടെ ഉപയോഗം മൂലം സാധിക്കുന്നുവെന്ന് വയാ സഹസ്ഥാപകന്‍ മാഹീന് പൂരി പറയുന്നു. ഉപയോക്താവുമായി ബന്ധപ്പെട്ട 50-60 ശതമാനം കാര്യങ്ങളും എ.ഐയെ വച്ച് ചെയ്യാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഓരോരുത്തര്‍ക്കും യോജിച്ച പൂജാ, പൂജാരി, സമയം, ഏത് ക്ഷേത്രത്തില്‍ തുടങ്ങിയ ഒട്ടുമിക്ക കാര്യങ്ങളും എ.ഐ വച്ചാണ് ക്രമീകരിക്കുന്നതെന്ന് ഭഗ് വ ആപ്പിന്റെ പ്രമോട്ടര്‍മാര്‍ പറയുന്നു. ടെക്‌നോളജിയുടെ വളര്‍ച്ച ഏതായാലും വിശ്വാസത്തെ മറ്റൊരു തലത്തിലേക്ക് വളര്‍ത്തുന്നുവെന്ന് ടെക് ലോകം സാക്ഷ്യപ്പെടുത്തുന്നു.
കോവിഡിനുശേഷം ഓണ്‍ലൈന്‍ വഴിയുള്ള പ്രാര്‍ത്ഥനകള്‍ക്കും പൂജയ്ക്കും ഡിമാന്‍ഡ് കൂടിയെന്ന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ഉത്സവ പറയുന്നു. വളരെ എളുപ്പത്തില്‍ എല്ലാവിധ പൂജകളും ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വര്‍ധിച്ചിട്ടുണ്ടെന്ന് സഹസ്ഥാപകനായ അങ്കിത് ഡേ പറയുന്നു.
അടുത്തിടെ ആപ്പ്‌സ്‌ഫോര്‍ഭാരതിന് 175 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. ഭഗ്‌വയ്ക്ക് 8.6 കോടി രൂപയും ഉത്സവയ്ക്ക് 6.35 കോടി രൂപയും നിക്ഷേപം ലഭിച്ചത് ഈ വര്‍ഷമാണ്. ഭക്തിയും വിശ്വാസവും സംഗമിക്കുന്ന കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വരും വര്‍ഷങ്ങളില്‍ വരാന്‍ സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine