ജപ്പാന്‍ പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ കന്നി ഇന്ത്യ സന്ദര്‍ശനത്തില്‍ ഒപ്പിട്ടത് നിര്‍ണായക കരാറുകള്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരുന്നു നിര്‍ണായക വിദേശ നിക്ഷേപം എത്തിക്കുന്ന കരാറുകളില്‍ ഒപ്പുവച്ചത്. പതിനാറാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ് തകൈച്ചി ഡല്‍ഹിയിലെത്തിയത്.
നിര്‍മിതബുദ്ധി, ഊര്‍ജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിന് തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും എഐ കമ്പനികള്‍ തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു. ഈ മേഖലയില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ അടുത്ത പത്തുവര്‍ഷത്തിനിടെ 5.91 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജാപ്പനീസ് കമ്പനികള്‍ നടത്തും. ഇതിനൊപ്പം ഇന്ത്യയിലെ ജപ്പാന്‍ ആസ്ഥാനമായുള്ള കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യയെ മേഖലയിലെ വിശ്വസ്ത പങ്കാളിയായിട്ടാണ് കാണുന്നതെന്ന് തകൈച്ചി പറഞ്ഞു.
സെമികണ്ടക്ടര്‍, ധാതുമേഖല, ക്വാണ്ടം സാങ്കേതികവിദ്യ, ആരോഗ്യസംരംക്ഷണം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരണത്തിന് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ വളരുമെന്നതിന്റെ സൂചനയാണ് ഉച്ചകോടി നല്കുന്നത്.
ഹരിത ഊര്‍ജ രംഗത്തും വലിയ പ്രഖ്യാപനങ്ങളാണ് ഉച്ചകോടിയിലുണ്ടായത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 1,000 ബയോഗ്യാസ്-ജൈവ വള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. ഇത് ഇന്ത്യന്‍ ഗ്രാമങ്ങളിലെ സുസ്ഥിരതയ്ക്കും വരുമാന വര്‍ധനവിനും കാരണമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നാവികസേനയുടെ റേഡിയോ ആന്റിനയായ 'യൂണികോണ്‍' (Naval Radio Antenna 'Unicorn') സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പ്രൊജക്റ്റും ഒപ്പുവച്ച കരാറില്‍ ഉള്‍പ്പെടുന്നു. 2027ല്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് നിര്‍ണായക പ്രഖ്യാപനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine