News & Views

സ്വര്‍ണം എ.ടി.എമ്മില്‍ ഇട്ടാല്‍ പണംവരും, സ്വര്‍ണപണയത്തില്‍ വിപ്ലവം തീര്‍ത്ത് സെന്‍ട്രല്‍ ബാങ്ക്‌

സ്വര്‍ണം മെഷീനിലിട്ടാല്‍ 10-12 മിനിറ്റ് മാത്രമാകും മൊത്തം ലോണ്‍ പ്രക്രിയയ്ക്ക് എടുക്കുക

Dhanam News Desk

കൈയില്‍ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം കണ്ടെത്തുകയെന്നതാണ്. എന്നാല്‍ അവധി ദിവസങ്ങളിലോ മറ്റോ ഇത്തരത്തില്‍ പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ പെട്ടുപോയത് തന്നെ.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അനായാസം പണലഭ്യത ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ടെക്‌നോളജിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ബാങ്കിന്റെ എ.ടി.എം വഴിയുള്ള സ്വര്‍ണവായ്പ.

വാറങ്കല്‍ മാതൃക ഇങ്ങനെ

തെലങ്കാനയിലാണ് ഭാവിയില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളും മാതൃകയാക്കിയേക്കാവുന്ന പരീക്ഷണത്തിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. വാറങ്കല്‍ നഗരത്തിലെ ഗോള്‍ഡ് എ.ടി.എം പ്രവര്‍ത്തിക്കുന്നത് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.

എ.ടി.എമ്മില്‍ ഒരാള്‍ സ്വര്‍ണം നിക്ഷേപിക്കുമ്പോള്‍ മുതല്‍ എ.ഐ പണി തുടങ്ങും. സ്വര്‍ണത്തിന്റെ പരിശുദ്ധി, ഗുണനിലവാരം, ഭാരം എന്നിവയെല്ലാം ഇത്തരത്തില്‍ എ.ഐ വഴി നിര്‍ണയിക്കും. നിക്ഷേപിച്ച സ്വര്‍ണത്തിന് എത്ര തുക വരെ നല്‍കാമെന്ന് സ്‌ക്രീനില്‍ കാണിക്കും. 10-12 മിനിറ്റ് മാത്രമാകും മൊത്തം ലോണ്‍ പ്രക്രിയയ്ക്ക് എടുക്കുക.

ഈ വായ്പതുകയില്‍ തൃപ്തനാണെങ്കില്‍ ഉപയോക്താവിന് സ്വര്‍ണ പണയുമായി മുന്നോട്ടു പോകാം. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും നല്‍കിയാല്‍ പണം ഉടന്‍ കൈയില്‍ കിട്ടും. ആദ്യ ഘട്ടത്തില്‍ 916 സ്വര്‍ണം മാത്രമേ മെഷീന്‍ തിരിച്ചറിയുകയുള്ളൂ. സ്വര്‍ണം നിക്ഷേപിക്കുന്നയാള്‍ മുഖംമറച്ചോ മറ്റേതെങ്കിലും തരത്തില്‍ ആളെ വ്യക്തമായി മനസിലാക്കാത്ത രീതിയിലോ വായ്പയ്ക്കായി ശ്രമിച്ചാലും ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.

പണം അക്കൗണ്ടിലേക്ക്

എ.ടി.എം രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഇടപാടിലൂടെ മുഴുവന്‍ തുകയും പണമായി ലഭിക്കില്ല. ആകെ തുകയുടെ 10 ശതമാനം എ.ടി.എം വഴി ലഭിക്കും. ബാക്കി തുക അക്കൗണ്ടിലേക്കാകും വരിക. തുടക്കത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. വാറങ്കലിലെ പരീക്ഷണം വിജയകരമായാല്‍ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT