Canva
News & Views

എ.ഐ വന്നപ്പോൾ എക്സ്പീരിയൻസിനും സീനിയോറിറ്റിക്കും വിലയില്ലേ? എങ്ങനെ ജോലി പോകാതെ നോക്കാം?

എ.ഐ വ്യാപനത്തോടെ തൊഴിൽ സുരക്ഷയുടെ പഴയ മാനദണ്ഡങ്ങൾ മാറുന്നു. എല്ലാ തലങ്ങളിലുമുള്ള പ്രൊഫഷണലുകൾക്ക് പുതിയ കഴിവുകളും സമീപനങ്ങളും അനിവാര്യമാകുന്നു.

Pintu Prakash

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ, പതിറ്റാണ്ടുകളായി നമ്മൾ വിശ്വസിച്ചുപോന്ന തൊഴിൽ സുരക്ഷയുടെ മാനദണ്ഡങ്ങളും അതിവേ​ഗത്തിൽ തിരുത്തിക്കുറിക്കപ്പെടുകയാണ്. ഒറാക്കിൾ, മെറ്റ, ആമസോൺ പോലുള്ള ബഹുരാഷ്ട്ര ടെക് കമ്പനികളിൽ നിന്നും അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർ പോലും ഒറ്റരാത്രികൊണ്ട് പടിയിറങ്ങേണ്ടി വരുമ്പോൾ, അത് കേവലം ഒരു കോർപ്പറേറ്റ് പുനഃക്രമീകരണം മാത്രമായിരുന്നില്ല; മറിച്ച് മനുഷ്യശേഷിയെ എ.ഐ പുനർ നിർവചിക്കുന്നതിന്റെ സൂചനയാണ്.

ഉയർന്ന തസ്തികയും ജോലിയിലെ സീനിയോറിറ്റിയും വർഷങ്ങളുടെ പ്രവൃത്തിപരിചയവും ഒക്കെ ഒരാളുടെ തൊഴിൽ സുരക്ഷിതത്വത്തിന് ഉറപ്പുനൽകുന്ന കാലം അവസാനിച്ചോ? എഐ തരംഗത്തിൽ അപ്രസക്തമാകാതെ കരിയർ മുൻപോട്ടു കൊണ്ടുപോകാൻ ഏതൊക്കെ കഴിവുകളാണ് ഇനി അനിവാര്യം? വിശദമായി പരിശോധിക്കാം.

വിവിധ തൊഴിൽ തലങ്ങളിലെ ആഘാതം എങ്ങനെ?

തൊഴിൽ തലംവെല്ലുവിളികൾനിലവിലെ സ്ഥിതി
തുടക്കക്കാർ (Entry-level)ആവർത്തനസ്വഭാവമുള്ള ജോലികൾ എ.ഐ ഏറ്റെടുക്കുന്നത് പുതിയ നിയമനങ്ങളെ ബാധിക്കുന്നുകമ്പനികൾ ജൂനിയർ തസ്തികകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു.
മിഡ്-ലെവൽ (Mid-level)പ്രവർത്തനങ്ങളിൽ എ.ഐ സംയോജിപ്പിക്കാത്തവർക്ക് അവസരങ്ങൾ കുറയുന്നുഎഐ ടൂളുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നു
സീനിയർ പ്രൊഫഷണലുകൾഉയർന്ന പ്രവർത്തനച്ചെലവും ഉൽപ്പാദനക്ഷമതയും എ.ഐ നൽകുന്ന ഔട്ട്‌പുട്ടുമായി താരതമ്യം ചെയ്യപ്പെടുന്നുചെലവ് കുറഞ്ഞ രീതിയിൽ എ.ഐ ഉപയോഗിച്ച് സമാനമായ ഫലം ലഭിക്കുമെങ്കിൽ ഇവർക്ക് വെല്ലുവിളിയാകും

തൊഴിൽ രം​ഗത്ത് എങ്ങനെ പിടിച്ചുനിൽക്കാം?

ഇനിയുള്ള കാലത്ത് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രൊഫഷണലുകൾ സ്വീകരിക്കേണ്ട തന്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ.ഐ ഡെവലപ്പറായ അനിൽ ഭട്ട് വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. "ഉപഭോക്തൃബന്ധം, ഉത്തരവാദിത്വം, നിര്‍ദിഷ്ട രീതിയില്‍ പൊരുത്തപ്പെടല്‍, ശാരീരികാദ്ധ്വാനമുള്ള ദൗത്യം, പ്രായോഗിക നിർവ്വഹണം (Real-world execution) എന്നിവയെ കുറിച്ച് കൃത്യമായ ധാരണയുള്ളവർക്ക് തൊഴിൽ വിപണിയിൽ തുടർന്നും പ്രസക്തിയുണ്ടാകും. നിങ്ങളുടെ നിലവിലെ ജോലി മേഖലകളിൽ എ.ഐ ഉപയോഗിച്ച് പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുകയും ‌ചെലവ് കുറയ്ക്കുകയും കൂടുതൽ ഉപയോഗപ്രദമാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം," അനിൽ ഭട്ട് പറഞ്ഞു.

"ഉദ്ദാഹരണത്തിന്, സോഫ്റ്റ്‌വെയർ എൻജിനീയർമാർ 'ഞാൻ മികച്ച കോഡ് എഴുതുന്നുണ്ട്' എന്നതിൽ നിന്നും 'കമ്പനികളുടെ പ്രവർത്തനത്തിലെ അപാകതകൾ തിരിച്ചറിയാനും അവ എ.ഐ സഹായത്തോടെ പരിഹരിക്കാനും (Optimize) ഞാൻ സഹായിക്കുന്നു' എന്ന ശൈലിയിലേക്ക് മനോഭാവം മാറണം. അതുപോലെ, ഇനി അധ്യാപകരാണെങ്കിൽ 'ഞാൻ നന്നായി ഫിസിക്സ് പഠിപ്പിക്കുന്നു' എന്ന രീതിയിൽ നിന്നും 'വിദ്യാർത്ഥി ഫിസിക്സിന്റെ ഏത് മേഖലയിലാണ് ബുദ്ധിമുട്ടുന്നതെന്ന് ഞാൻ തിരിച്ചറിയുന്നു, അവരെ മെച്ചപ്പെടുത്തുന്നതിനായി എ.ഐ സഹായത്തോടെയുള്ള പരിശീലനവും അതിന്മേലുള്ള വിലയിരുത്തലും പുരോ​ഗതി മനസ്സിലാക്കാനും സഹായിക്കുന്നു' എന്ന ശൈലിയിലേക്ക് മാറണം," അനിൽ ഭട്ട് പറയുന്നു.

ചുരുക്കത്തിൽ വിശകലനം ചെയ്തു തീരുമാനമെടുക്കാനുള്ള പ്രാപ്തിയും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള മൂല്യവർധിത കഴിവുകളും ഒരേപോലെ സമന്വയിപ്പിക്കാൻ കഴിയുന്നവർക്കേ എ.ഐ മുന്നേറ്റത്തിനിടയിൽ തങ്ങളുടെ തൊഴിൽ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ എന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT