രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കൈകളിലേക്ക് പോകുന്നതില്‍ ആശങ്ക. അടുത്തിടെ ആര്‍ബിഎല്‍ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ യുഎഇ ആസ്ഥാനമായ എമിറേറ്റ്‌സ് എന്‍ബിഡി ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ) ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം പൂര്‍ണമായും വിദേശ കമ്പനികളുടെ കൈകളിലേക്ക് പോകുന്നത് രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയാണെന്നാണ് എഐബിഒഎയുടെ അഭിപ്രായം. ബാങ്കിംഗ് രംഗം വിദേശ നിക്ഷേപകര്‍ക്ക് തുറന്നു കൊടുത്തതില്‍ തെറ്റില്ല. എന്നാല്‍ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കി അതിന്റെ നിയന്ത്രണം വിദേശ കമ്പനികളുടെ കൈകളിലേക്ക് എത്തുന്നതാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കൂടുതല്‍ ഗൗരവകരമായ നിലപാട് സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
ഏകദേശം 26,850 കോടി രൂപയ്ക്കാണ് എമിറേറ്റ്‌സ് എന്‍ബിഡി ആര്‍ബിഎല്‍ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഈ ഇടപാട് പൂര്‍ണമായും നടപ്പിലാക്കാന്‍ അനുവദിക്കരുതെന്ന് എഐബിഒഎ ദേശീയ ജനറല്‍ സെക്രട്ടറി എസ്. നാഗരാജന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അടുത്ത കാലത്തായി രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരിപങ്കാളിത്തം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കാത്തലിക് സിറിയന്‍ ബാങ്കിനെ കാനഡയിലെ ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് കോര്‍പറേഷന്‍ ഏറ്റെടുത്ത് സിഎസ്ബി ബാങ്ക് എന്നു പേരുമാറ്റിയിരുന്നു.
2020ലാണ് ലക്ഷ്മി വിലാസ് ബാങ്കിനെ സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കും ജപ്പാനിലെ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പറേഷനും ചേര്‍ന്ന് ഏറ്റെടുക്കുന്നത്. ഇതോടെ ലക്ഷ്മിവിലാസ് ബാങ്ക് ഡിബിഎസ് ബാങ്കായി മാറി.
ബാങ്കിംഗ് രംഗത്തെ പരിഷ്‌കാരങ്ങള്‍ വരുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. വ്യാപാരത്തിനായി രാജ്യത്തെത്തിയ ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയുടെ നിയന്ത്രണം കൈവശപ്പെടുത്തിയതു പോലെ ബാങ്കിംഗ് രംഗം വിദേശികളുടെ കൈയിലേക്ക് ചെന്നാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സംഘടന പറയുന്നു. വിഷയത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ എഐബിഒഎ തീരുമാനിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine