Air India 
News & Views

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നു, ചെലവുകള്‍ കുറയ്ക്കാനും നിര്‍ദ്ദേശം; എയര്‍ ഇന്ത്യയും പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യന്‍ വിമാനക്കമ്പനികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. അമേരിക്കയിലെ സ്പിരിറ്റ് എയര്‍ലൈന്‍സ് മെയ് രണ്ടിന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വ്യോമയാന മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി ഇന്ത്യയിലെ മുന്‍നിര കമ്പനിയായ എയര്‍ഇന്ത്യയെയും ബാധിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ചെലവുകള്‍ പരമാവധി കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംപെല്‍ വില്‍സണ്‍ ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാക്കിസ്ഥാന്റെ ആകാശപാത ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിക്കുന്നില്ലായിരുന്നു. ഇത് അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്രദൈര്‍ഘ്യം വര്‍ധിപ്പിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം കൂടി വന്നതോടെ വിമാനഇന്ധന വിലയും പതിന്മടങ്ങായി കുതിച്ചുയര്‍ന്നു.

പ്രതിസന്ധി ഉണ്ടെങ്കിലും കമ്പനിയില്‍ നിന്ന് ആരെയും പിരിച്ചുവിടില്ലെന്ന് ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ ജിപി ജീവനക്കാര്‍ക്ക് ഉറപ്പുനല്കിയിട്ടുണ്ട്. അതേസമയം, ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലതാമസം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എല്ലാ ജീവനക്കാര്‍ക്കും സന്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

പ്രവര്‍ത്തനചെലവില്‍ വര്‍ധന

സാധാരണഗതിയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ ചെലവിന്റെ 40 ശതമാനം വരെയാണ് വിമാനഇന്ധന നിരക്ക് വരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തന ചെലവിന്റെ 50-60 ശതമാനം വരെയും വരുന്നുണ്ട്. വിമാന ഇന്ധനവില വര്‍ധന എത്രത്തോളം ഈ മേഖലയെ ബാധിച്ചുവെന്നതിന്റെ തെളിവാണിതെന്ന് കാംപെല്‍ വില്‍സണ്‍ പറഞ്ഞു.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യ 2025-26 സാമ്പത്തികവര്‍ഷം 22,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. മുന്‍ വര്‍ഷത്തെ 10,859 കോടി രൂപയില്‍ നിന്ന് വലിയ കുതിപ്പ്.

പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യന്‍ വിമാനക്കമ്പനികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. അമേരിക്കയിലെ സ്പിരിറ്റ് എയര്‍ലൈന്‍സ് മെയ് രണ്ടിന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. യുഎസിലെ പ്രധാനപ്പെട്ട ബജറ്റ് എയര്‍ലൈനായിരുന്നു ഇത്. 34 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് കമ്പനി അടച്ചുപൂട്ടുന്നത്. 17,000ത്തോളം പേര്‍ സ്പിരിറ്റ് എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്നു.

Air India faces financial strain due to rising fuel costs and geopolitical tensions, delaying employee benefits while enforcing cost-cutting measures

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT