ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ആഴത്തിലേക്ക്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം കമ്പനിയുടെ അറ്റനഷ്ടം 6,000 കോടി രൂപ കവിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം ഏകദേശം ഇരട്ടിയായതോടെ എയര്‍ ഇന്ത്യയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ കടുത്ത വെല്ലുവിളിയെ നേരിടുകയാണ്.
വിമാന ഇന്ധനവിലയിലെ വര്‍ധന, വിദേശനാണയ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍, വിവിധ രാജ്യങ്ങളുടെ വ്യോമപാതകളിലെ നിയന്ത്രണങ്ങള്‍ എന്നിവയാണ് നഷ്ടം കുത്തനെ ഉയരാന്‍ കാരണം. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ മൊത്തം നഷ്ടം 22,000 കോടി രൂപ കവിഞ്ഞിരുന്നു. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 11,000 കോടി രൂപയായിരുന്നു.
നഷ്ടം നിയന്ത്രിക്കാന്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് എയര്‍ ഇന്ത്യ. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനുമാണ് കമ്പനിയുടെ ശ്രമം. ഒക്ടോബര്‍ ഒന്നു മുതല്‍ ജീവനക്കാരുടെ ഔദ്യോഗിക യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പ് മേധാവി, ഉന്നത ഉദ്യോഗസ്ഥര്‍, സിഇഒ എന്നിവര്‍ ഉള്‍പ്പെടുന്ന തലങ്ങളില്‍നിന്നുള്ള അനുമതി ആവശ്യമാണ്.
കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ ചെലവുകള്‍ പരിശോധിച്ച് ലാഭിക്കാവുന്ന മേഖലകള്‍ കണ്ടെത്താന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന തുക സേവന നിലവാരം ഉയര്‍ത്താനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വിനിയോഗിക്കാനാണ് ലക്ഷ്യം.
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനച്ചെലവിന്റെ 50 ശതമാനത്തിലധികവും ഇപ്പോള്‍ വിമാന ഇന്ധനത്തിനായാണ് വിനിയോഗിക്കുന്നത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (ATF) ഉയര്‍ന്ന വില പ്രവര്‍ത്തനത്തെ വലിയതോതില്‍ ബാധിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ വ്യോമപാത അടച്ചതോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഇത് യാത്രാസമയവും ഇന്ധന ഉപഭോഗവും വര്‍ധിപ്പിച്ചിട്ടുണ്ട്.
വിമാനങ്ങളുടെയും ജീവനക്കാരുടെയും വിനിയോഗത്തിലും നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ചില ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇടയ്ക്ക് ഇറങ്ങേണ്ടിവരുന്നത് അധിക ലാന്‍ഡിംഗ് ചാര്‍ജുകള്‍ക്കും കാരണമാകുന്നു.
പാക്കിസ്ഥാന് വ്യോമപാത അടച്ചതുമൂലം പ്രതിവര്‍ഷം ഏകദേശം 4,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകാമെന്ന് എയര്‍ ഇന്ത്യ നേരത്തെ കണക്കാക്കിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യോമപാത നിയന്ത്രണങ്ങള്‍ കൂടി വന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും വിവിധ വകുപ്പുകളെ പൊതുവായ ഭരണസംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇരുകമ്പനികളിലും ആവര്‍ത്തിക്കുന്ന ജോലികളും ഭരണച്ചെലവുകളും ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമത കൈവരിക്കാനാണ് നീക്കം.
ചെലവു ചുരുക്കലിന്റെ ഭാഗമായി ചില സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനും കമ്പനി നീക്കം നടത്തുന്നുണ്ട്. പ്രവാസി മലയാളികള്‍ക്ക് ആശ്രയമായ സര്‍വീസുകളും ഇത്തരത്തില്‍ വെട്ടിക്കുറച്ചാല്‍ അത് പ്രതിസന്ധിയാകും. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം കുറഞ്ഞാല്‍ ടിക്കറ്റ് നിരക്ക് ഇനിയും ഉയരാന്‍ കാരണമാകും.
Read DhanamOnline in English
Subscribe to Dhanam Magazine