Air India  facebook.com/AirIndia
News & Views

ഗള്‍ഫ്, യൂറോപ്പ് സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പിന്‍വലിച്ചതില്‍ ആകാശയാത്രയില്‍ അനിശ്ചിതത്വം

ഖത്തറിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു

Dhanam News Desk

ഗള്‍ഫ് മേഖലയിലേക്കും യൂറോപ്പ്, കാനഡ, യു.എസ് എന്നിവിടങ്ങളിലേക്ക് നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ. നാളെ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇറാന്‍-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പല വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.

ഖത്തറിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഗള്‍ഫ് മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. കൊച്ചിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ഖത്തര്‍ വിമാനങ്ങളിലൊന്ന് നേരത്തേ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യ ഇന്ന് രാവിലെ അറിയിച്ചത്.

നോര്‍ത്ത് അമേരിക്കയുടെയും യൂറോപ്പിന്റെയും കിഴക്കന്‍ തീരത്തേക്കും തിരിച്ചുമുള്ള സര്‍വീസുകളും കമ്പനി നിര്‍ത്തിവച്ചിരുന്നു. ഈ സര്‍വീസുകളും ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം

അതേസമയം, ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേല്‍ രംഗത്തെത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇറാന് ഉചിതമായ തിരിച്ചടി നല്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്നാണ് സൂചന.

ഇന്ന് രാവിലെ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചത്.

വെടിനിര്‍ത്തല്‍ നിലവിലുണ്ടെന്നും ഇസ്രയേല്‍ ഇനി ഇറാനെ ആക്രമിക്കില്ലെന്നും പോര്‍വിമാനങ്ങള്‍ തിരികെ പറക്കുമെന്നും ട്രംപ് സോഷ്യല്‍മീഡിയയില്‍ അല്പം മുമ്പ് കുറിച്ചത് അനിശ്ചിതത്വത്തിന് വഴിമരുന്നിട്ടിട്ടുണ്ട്.

Air India resumes Gulf and Europe flights amid ongoing uncertainty over the Iran-Israel ceasefire

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT