ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പാക് വ്യോമപാത സ്വയം ഉപേക്ഷിച്ച് വിദേശ വിമാന കമ്പനികള്‍. വിലക്കില്ലെങ്കിലും പല യൂറോപ്യന്‍ വിമാനക്കമ്പനികളും പാക് വ്യോമപാത ഒഴിവാക്കി ബദല്‍ റൂട്ടുകളിലാണ് പറക്കുന്നത്. ഇതോടെ ഓവര്‍ഫ്‌ളൈറ്റ് ചാര്‍ജ് ഉള്‍പ്പെടെ കനത്ത നഷ്ടമാണ് പാകിസ്ഥാന് ഉണ്ടാവുകയെന്നും വിദഗ്ധര്‍ പറയുന്നു.
ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേഴ്‌സ്, സ്വിസ് എയര്‍, എയര്‍ ഫ്രാന്‍സ്, ഐ.ടി.എ എയര്‍വേഴ്‌സ്, എല്‍.ഒ.റ്റി പോളിഷ് എയര്‍ലൈന്‍സ് തുടങ്ങിയ വിമാന കമ്പനികള്‍ ഏപ്രില്‍ മുപ്പതിന് ശേഷം പാക് വ്യോമപാതയിലൂടെ പറന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം സ്വമേധയാ പാക് വ്യോമപാത ഒഴിവാക്കിയെന്നാണ് സൂചന. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്താന്‍ ഇതോടെ ഒരു മണിക്കൂറോളം അധികം പറക്കേണ്ടി വരും. ഇതിന്റെ ഭാരം കമ്പനികള്‍ യാത്രക്കാരുടെ തലയില്‍ വെക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഒരുവര്‍ഷം പാക് വ്യോമപാത അടച്ചിട്ടാല്‍ 5,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് എയര്‍ ഇന്ത്യ. ഇത് നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 26 പേരുടെ ജീവനെടുത്ത പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ കടുത്ത നിലപാടെടുത്തതോടെയാണ് പാകിസ്ഥാന്‍ വ്യോമപാത അടച്ചത്. ഇതോടെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാന സര്‍വീസുകളെ തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഇതിനേക്കാളും വലുതാണ് പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക നഷ്ടം. മറ്റൊരു രാജ്യത്തിന്റെ വ്യോമപാത ഉപയോഗിക്കുന്നതിന് വിമാനക്കമ്പനികള്‍ ഓവര്‍ഫ്‌ളൈറ്റ് ചാര്‍ജ് നല്‍കേണ്ടതുണ്ട്. പാക് വ്യോമപാത ഉപയോഗിക്കുന്നതിന് ചെറിയ യാത്രാ വിമാനങ്ങളില്‍ നിന്നും 50,000 രൂപ മുതലാണ് ഓവര്‍ഫ്‌ളൈറ്റ് ചാര്‍ജ് ഈടാക്കുന്നത്. വിമാനത്തിന്റെ വലിപ്പമനുസരിച്ച് നിരക്ക് കൂടുകയും ചെയ്യും. 2019ല്‍ സമാന രീതിയില്‍ പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമായി അടച്ചിരുന്നു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും (സി.എ.എ) പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനും(പി.ഐ.എ) അന്ന് ഏകദേശം 850 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഇത്തവണ വിദേശ വിമാനകമ്പനികള്‍ കൂടി ചേരുന്നതോടെ നഷ്ടം ഇരട്ടിക്കുമെന്നാണ് കരുതുന്നത്.
Amid rising India-Pakistan tensions, leading global airlines are voluntarily rerouting flights to avoid Pakistani airspace, causing longer flight times and operational cost surges.
Read DhanamOnline in English
Subscribe to Dhanam Magazine