Image: Canva 
News & Views

സിഗ്നല്‍ നല്കി എയര്‍ടെല്‍! മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വലിയ വര്‍ധനയ്‌ക്കൊരുങ്ങി ടെലികോം കമ്പനികള്‍; 12-15% താരിഫ് വര്‍ധനയ്ക്ക് സാധ്യത

നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ അവരുടെ ജനകീയ പ്ലാനുകള്‍ നിര്‍ത്തലാക്കി.

Dhanam News Desk

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ അവരുടെ ജനകീയ പ്ലാനുകള്‍ നിര്‍ത്തലാക്കി. 299 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ നിര്‍ത്തിയതോടെ തൊട്ടടുത്ത പ്ലാന്‍ 349 രൂപയുടേതാണ്. നിലവില്‍ 299 രൂപയ്ക്ക് റീചാര്‍ജ് ചെയ്തിരുന്നവര്‍ക്ക് നിരക്കില്‍ 16 ശതമാനത്തിന്റെ അധിക ബാധ്യത വരും.

എയര്‍ടെല്‍ 579, 619, 649 രൂപ പ്ലാനുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. വിലകുറഞ്ഞ ജനപ്രിയ പ്ലാനുകള്‍ പിന്‍വലിച്ചതിലൂടെ നിരക്ക് വര്‍ധന തന്നെയാണ് എയര്‍ടെല്‍ നടപ്പിലാക്കിയിരിക്കുന്നത്. ഓരോ ഉപയോക്താക്കളില്‍ നിന്നുമുള്ള ശരാശരി വരുമാനം (average revenue per user-ARPU) വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്‍ നീക്കം.

കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന രീതിയില്‍ മാറ്റത്തിനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ഭാരതി എയര്‍ടെല്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഗോപാല്‍ വിറ്റല്‍ സൂചന നല്കിയിരുന്നു. കുറഞ്ഞ നിരക്കില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നത് വരുമാന വളര്‍ച്ചയ്ക്ക് പരിധിയുണ്ടാക്കുമെന്നും അത് ആരോഗ്യകരമായ ബിസിനസ് മാതൃകയല്ലെന്നും വിറ്റല്‍ അഭിപ്രായപ്പെട്ടു.

നിരക്കുയര്‍ത്താന്‍ വോഡാഫോണ്‍ ഐഡിയയും

കടക്കെണിയിലുള്ള വോഡാഫോണ്‍ ഐഡിയയും (Vi) റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും താരിഫ് വര്‍ധന അനിവാര്യമാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള വ്യക്തമാക്കി.

ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് ഒരു ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനം വളരെ കുറവാണെന്ന് ബിര്‍ള പറഞ്ഞു. 2026 മാര്‍ച്ച് പാദത്തില്‍ 190 രൂപയായിരുന്നു വോഡാഫോണ്‍ ഐഡിയയുടെ ARPU. ഇത് 200 മുതല്‍ 300 രൂപ വരെയെങ്കിലും ഉയര്‍ത്തിയാല്‍ മാത്രമേ കമ്പനികള്‍ക്ക് ലാഭകരമായി മുന്നോട്ടുപോകാനും 5ജി പോലെയുള്ള പുതിയ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താനും സാധിക്കൂ.

15% വരെ നിരക്ക് വര്‍ധനയ്ക്ക് സാധ്യത

ടെലികോം രംഗത്തെ മുമ്പന്മാരായ റിലയന്‍സ് ജിയോയും നിരക്കുകള്‍ കൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിരക്കുകളില്‍ 12 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടായേക്കാം. 5ജി സേവനങ്ങള്‍ക്കായി കമ്പനികള്‍ നടത്തിയ വന്‍ നിക്ഷേപത്തില്‍ നിന്ന് മികച്ച ലാഭം കണ്ടെത്തുകയാണ് ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT