വ്യാജ വെബ്‌സൈറ്റുകൾ തന്റെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ കോടതിയില്‍. വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നൽകുക, നിയമലംഘനം നടത്തുന്ന URL കൾ നീക്കം ചെയ്യുക, നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ ഗൂഗിൾ, യൂട്യൂബ് പോലുള്ളവക്ക് നിർദ്ദേശം നൽകുക തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.
വ്യക്തിത്വത്തിന്റെ അനധികൃത ഉപയോഗം സെലിബ്രിറ്റികളുടെ ഐഡന്റിറ്റി ചൂഷണം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പിന്റെ വ്യാപകമായ പ്രവണതയുടെ ഭാഗമാണെന്ന് ഐശ്വര്യ റായ് വാദിച്ചു. വിശദമായ വാദം കേൾക്കൽ ജനുവരിയിലേക്ക് മാറ്റിവച്ചു. എന്നാൽ നിയമലംഘനങ്ങൾക്കെതിരെ കോടതി ഇടക്കാല വിലക്കുകൾ പുറപ്പെടുവിക്കന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാവിയിൽ സമാനമായ നിയമലംഘനങ്ങള്‍ നടത്തിയേക്കാവുന്ന തിരിച്ചറിയാത്ത പ്രതികള്‍ക്കെതിരെ “ജോൺ ഡോ” (John Doe) ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'ജോൺ ഡോ' എന്നത് അജ്ഞാതമോ തിരിച്ചറിയപ്പെടാത്തതോ ആയ കക്ഷികൾക്കെതിരെ പുറപ്പെടുവിക്കുന്ന കോടതി ഉത്തരവാണ്. അറിയപ്പെടുന്ന പ്രതികളെ മാത്രമല്ല, തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെയും അവരുടെ പേര്, ചിത്രം അല്ലെങ്കിൽ ഉള്ളടക്കം ദുരുപയോഗം ചെയ്യുന്നത് തടയാൻ സെലിബ്രിറ്റിയെയോ ബ്രാൻഡിനെയോ പകര്‍പ്പവകാശ ഉടമയേയോ ഇത് അനുവദിക്കുന്നു. ബൗദ്ധിക സ്വത്തവകാശ, വ്യക്തിത്വ അവകാശ കേസുകളിലാണ് ഇത്തരം ഉത്തരവ് സാധാരണ പുറപ്പെടുവിക്കുന്നത്. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനും ഇത് അനുവദിക്കുന്നു.
aishwaryaworld.com എന്ന വെബ്സൈറ്റ് അനുവാദമില്ലാതെ വ്യക്തിഗത വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ഐശ്വര്യ റായിയുടെ ഏക അംഗീകൃതവും ഔദ്യോഗികവുമായ വെബ്‌സൈറ്റ് ആണെന്ന് ഇത് തെറ്റായി അവകാശപ്പെടുന്നുണ്ടെന്ന് നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 3,100 രൂപ വരെ വിലയുള്ള ടീ-ഷർട്ടുകൾ, നടിയുടെ രൂപസാദൃശ്യമുള്ള മഗ്ഗുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ പോലും ഈ വെബ്സൈറ്റ് വിൽക്കുന്നു.
റായിയുടെ ചിത്രം വ്യാജ നിക്ഷേപ പദ്ധതികളിലും ഉപയോഗിക്കുന്നുണ്ട്. "വെൽത്ത് ഫണ്ട്" എന്ന സ്ഥാപനം പണം സ്വരൂപിക്കാൻ ചെയർപേഴ്‌സൺ ആക്കി നടിയുടെ ഫോട്ടോ ലെറ്റർഹെഡിൽ പതിപ്പിച്ചു. മൂന്നാം കക്ഷികളെ തെറ്റിദ്ധരിപ്പിക്കാൻ തന്റെ പേരിൽ കത്തുകൾ പ്രചരിപ്പിച്ചതായും ഐശ്വര്യ അറിയിച്ചു. സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.
നടിയുടെ സാദൃശ്യമുളള മോർഫ് ചെയ്തതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതുമായ അശ്ലീല ഉള്ളടക്കങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കൃത്രിമമായ ചാറ്റ് സന്ദേശങ്ങളുടെയും ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ചിത്രങ്ങളുടെയും സ്ക്രീൻഷോട്ടുകളും അവര്‍ കോടതിയിൽ ഹാജരാക്കി.
Aishwarya Rai approaches Delhi High Court seeking protection of personality rights against fake websites and AI-morphed content.
Read DhanamOnline in English
Subscribe to Dhanam Magazine