News & Views

അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച്, ശരത് പവാറിനെ ഒതുക്കി, പാര്‍ട്ടി കൈപ്പിടിയിലാക്കി... അജിത് പവാര്‍ ഇല്ലാത്ത മഹാരാഷ്ട്ര രാഷ്ട്രീയം ഇനി എങ്ങനെ?

അജിതിന്റെ മരണം എന്‍സിപിയിലുണ്ടാക്കുന്ന ശൂന്യത വലുതായിരിക്കും. ശരത് പവാറിന്റെ നിയന്ത്രണത്തിലുള്ള എന്‍സിപി ഏറെ ദുര്‍ബലമാണ്

Dhanam News Desk

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) വിമാനാപകടത്തില്‍ അന്തരിച്ചു. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീണ് തീപിടിക്കുകയായിരുന്നു. ഇന്ന് (ജനുവരി 28) രാവിലെ 8.45ഓടെയായിരുന്നു ദാരുണസംഭവം.

ബരാമതിയില്‍ ചില സര്‍ക്കാര്‍ പരിപാടികളിലും പാര്‍ട്ടി യോഗങ്ങളിലും പങ്കെടുക്കാനായാണ് അദ്ദേഹം എത്തിയത്. വിമാനത്തിലുണ്ടായിരുന്ന ആറു പേരും മരിച്ചു.

സ്വകാര്യ വിമാനത്തിലായിരുന്നു അജിത് പവാര്‍ സഞ്ചരിച്ചിരുന്നത്. എല്‍ആന്‍ഡ്എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ആരായിരുന്നു പവാര്‍ രണ്ടാമന്‍ ?

സോണിയ ഗാന്ധിയുടെ വരവിനെ എതിര്‍ത്ത് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) രൂപീകരിച്ച ശരത് പവാറിന്റെ അടുത്ത ബന്ധുവായിരുന്നു അജിത്. ശരത് പവാറിന്റെ നിഴലായി തുടങ്ങി ഒടുവില്‍ പാര്‍ട്ടിയെ തന്നെ അജിത് പിടിച്ചടക്കി. മഹാരാഷ്ട്രയിലെ പഞ്ചസാര കര്‍ഷകരുടെ സഹകരണസംഘങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്.

ഏതു രീതിയില്‍ തീരുമാനിക്കുമെന്നോ എവിടെ നില്ക്കുമെന്നോ കൂടെ നടക്കുന്നവര്‍ക്കു പോലും മനസിലാക്കാന്‍ പറ്റാതിരുന്ന നേതാവായിരുന്നു അജിത്. പലകുറി പല മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കുമൊപ്പം ചേരാന്‍ അദ്ദേഹം മടികാണിച്ചിട്ടില്ല. നിരവധി അഴിമതിക്കേസുകളിലും അജിത് പവാര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

പലതവണ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. 2010ലായിരുന്നു ആദ്യം. എന്‍സിപിയെ പിളര്‍ത്തി 2023ല്‍ വീണ്ടും ഉപമുഖ്യമന്ത്രിയായി. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടത്തോടെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ഉപമുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തി.

മഹാരാഷ്ട്ര രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും?

അജിതിന്റെ മരണം എന്‍സിപിയിലുണ്ടാക്കുന്ന ശൂന്യത വലുതായിരിക്കും. ശരത് പവാറിന്റെ നിയന്ത്രണത്തിലുള്ള എന്‍സിപി ഏറെ ദുര്‍ബലമാണ്. ഭരണത്തിന്റെ പിന്തുണയുള്ളതിനാലായിരുന്നു അജിതിന്റെ എന്‍സിപിയുടെ നിലനില്പ്. അജിത് വിടവാങ്ങിയതോടെ ഈ എന്‍സിപിയില്‍ ജനപിന്തുണയുള്ള നേതാക്കള്‍ ആരുംതന്നെ അവശേഷിക്കുന്നില്ല. ശരതിന്റെ എന്‍സിപിയില്‍ മകള്‍ സുപ്രിയ സുലെ ഒപ്പമുണ്ടെങ്കിലും അധികാരമില്ലാതെ മുന്നോട്ടു പോകുക എളുപ്പമല്ല.

ഒരുകാലത്ത് മഹാരാഷ്ട്ര രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന പവാര്‍ കുടുംബത്തിന്റെ ശക്തി സമീപകാലത്ത് തീര്‍ത്തും ദുര്‍ബലമായിരുന്നു. രണ്ടായി ഭിന്നിച്ചതോടെ ചില പോക്കറ്റുകളിലേക്ക് മാത്രമായി പാര്‍ട്ടി ഒതുക്കപ്പെട്ടിരുന്നു. അജിത് പവാറിന്റെ എന്‍സിപിയെ ബിജെപി തങ്ങളുടെ ബി ടീമാക്കി മാറ്റുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംക്ഷ.

പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലമാക്കി ശക്തി തെളിയിക്കുകയാണ് ബിജെപി സമീപകാലത്ത് സ്വീകരിക്കുന്ന രീതി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഈ തന്ത്രം അവര്‍ വിജയകരമായി നടപ്പാക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ബിജെപി കൂടുതല്‍ അജയ്യരാകുകയും ശിവസേനയും എന്‍സിപിയും അടക്കം അപ്രസക്തരായി മാറുകയും ചെയ്തു. അധികം വൈകാതെ മഹാരാഷ്ട്ര രാഷ്ട്രീയം ബിജെപി-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് മാത്രമായി ഒതുക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ട.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT