canva, Deepseek, Alibaba
News & Views

ഡീപ്‌സീക്കിന് ചൈനയില്‍ നിന്ന് ചെക്ക്‌മേറ്റ്! കടത്തിവെട്ടി ആലിബാബ, തള്ളുമാത്രമെന്ന് മസ്‌ക്, ഇന്ത്യന്‍ വിഷയങ്ങളില്‍ കടുംവെട്ട്

ആഗോളതലത്തില്‍ ടെക് കമ്പനികളുടെ എ.ഐ മത്സരം ഇനിയും കടുക്കുമെന്നാണ് റിപ്പോര്‍ട്ട്

Dhanam News Desk

അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഹരികളെ പിടിച്ചുകുലുക്കിയ ചൈനീസ് എ.ഐ മോഡലായ ഡീപ്‌സീക്കിന് സ്വന്തം രാജ്യത്ത് നിന്നും വെല്ലുവിളി. പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ ലേറ്റസ്റ്റ് പതിപ്പായ ക്വെന്‍ 2.5 (Qwen 2.5) മാക്‌സ് എ.ഐ മോഡല്‍ പ്രകടനത്തില്‍ ഡീപ്‌സീക്ക് വി3യെ മറികടന്നതായി റിപ്പോര്‍ട്ട്. ഏതാണ്ടെല്ലാ ബെഞ്ച് മാര്‍ക്കുകളിലും ചാറ്റ്ജി.പി.ടി, ഡീപ്‌സീക്ക് വി3, ലാമ 3.1-405ബി എന്നിവയെ മറികടന്നതായി ആലിബാബ അവകാശപ്പെട്ടു.

ജനുവരി 10ന് ഡീപ്‌സീക്കിന്റെ എ.ഐ അസിസ്റ്റന്റായ ഡീപ്‌സീക്ക്-വി3 മോഡലും പിന്നാലെ ഇരുപതിന് ആര്‍വണ്‍ മോഡലും പുറത്തിറക്കിയത് യു.എസ് ഓഹരിവിപണിയെ പിടിച്ചുലക്കുകയും ടെക് കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തുകയും ചെയ്തിരുന്നു. കുറഞ്ഞ തുക ചെലവിട്ടാണ് എ.ഐ മോഡല്‍ വികസിപ്പിച്ചതെന്ന കമ്പനിയുടെ പ്രഖ്യാപനമാണ് എല്ലാവരെയും ഞെട്ടിച്ചത്. ഒപ്പം എ.ഐ ടൂളുകള്‍ വികസിപ്പിക്കാന്‍ യു.എസ് ടെക് കമ്പനികള്‍ വലിയ തുക ചെലവിട്ടത് സംബന്ധിച്ച സംശയവും ചിലര്‍ പ്രകടിപ്പിച്ചു.

എ.ഐ മത്സരം മുറുകി

ചാന്ദ്രമാസം അനുസരിച്ച് പുതുവര്‍ഷത്തിലെ ആദ്യ ദിവസമായ ജനുവരി 29ന് മിക്ക ചൈനീസ് കമ്പനികള്‍ക്കും അവധിയായിരുന്നു. എന്നിട്ടും ആലിബാബ തങ്ങളുടെ ഏറ്റവും പുതിയ എ.ഐ പതിപ്പ് ഈ ദിവസത്തില്‍ തന്നെ അവതരിപ്പിച്ചത് ആഗോളതലത്തിലും ചൈനീസ് വിപണിയിലും ടെക് കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിപ്പിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീപ്‌സീക്കിന്റെ എ.ഐ മോഡലുകള്‍ ഉപയോഗിക്കാന്‍ കുറഞ്ഞ ചെലവ് മതിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആലിബാബയും വില കുറച്ചിരുന്നു. മറ്റൊരു ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്-ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും (ByteDance) അവരുടെ അപ്‌ഡേറ്റഡ് എ.ഐ മോഡല്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും ടെക് കമ്പനികളുടെ എ.ഐ മത്സരം മുറുകാനാണ് സാധ്യത.

ഡീപ്‌സീക്കിന്റെ പ്രവര്‍ത്തനത്തില്‍ മസ്കിന് സംശയം

അതേസമയം, ഡീപ്‌സീക്കിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ച ടെസ്‌ല മോട്ടോഴ്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. എ.ഐ മോഡല്‍ വികസിപ്പിക്കാന്‍ കുറഞ്ഞ ചെലവിലുള്ള എന്‍വിഡിയ എ100 ജി.പി.യു ചിപ്പുകള്‍ ഉപയോഗിച്ചെന്ന വാദമാണ് മസ്‌കിനെ കുഴപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഡീപ്‌സീക്കിന്റെ വാദം തെറ്റാണെന്ന് മസ്‌കും സ്‌കെയില്‍ എ.ഐ സി.ഇ.ഒ അലക്‌സാണ്ടര്‍ വാംഗും ആരോപിക്കുന്നു. എന്‍വിഡിയയുടെ ശേഷികൂടിയ 50,000 എച്ച്100 ജി.പി.യു ചിപ്പുകള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് വാംഗ് അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിക്കുന്നത്. എന്നാല്‍ അഡ്വാന്‍സ്ഡ് ചിപ്പുകള്‍ക്കുള്ള യു.എസ് ഇറക്കുമതി നിയന്ത്രണം ഉള്ളതുകൊണ്ടാണ് ഇക്കാര്യം ഡീപ്‌സീക്ക് അംഗീകരിക്കാത്തതെന്നും അദ്ദേഹം പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് മസ്‌കിനും ഉള്ളത്.

ഇന്ത്യ-ചൈന വിഷയങ്ങളില്‍ മൗനം

എന്നാല്‍ ചൈനീസ് സര്‍ക്കാരിന്റെ കടുത്ത സെന്‍സര്‍ഷിപ്പ് നിയന്ത്രണത്തിലാണ് ഡീപ്‌സീക്ക് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ടെക് ലോകത്ത് ശക്തമാണ്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം, ചൈന-തായ്‌വാന്‍ ബന്ധം, ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല തുടങ്ങിയ നിര്‍ണായക രാഷ്ട്രീയ വിഷയങ്ങളില്‍ ഡീപ്‌സീക്കിന് ഉത്തരമില്ല. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന ചോദ്യത്തിനും ഡീപ്‌സീക്ക് മോഡലുകള്‍ക്ക് മൗനമാണ്. 'ക്ഷമിക്കണം, എന്റെ ശേഷിക്ക് അപ്പുറമുള്ള ചോദ്യമാണിത്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം' - നിര്‍ണായകമായ പല വിഷയങ്ങളിലും ഡീപ്‌സീക്കിന്റെ മറുപടി ഇങ്ങനെയാണ്. ഇന്ത്യയിലെ അരുണാചല്‍ പ്രദേശും ലഡാക്കിന്റെ ചില പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഡീപ്‌സീക്ക് ഇന്ത്യയില്‍ ഉപയോഗിക്കുന്നതില്‍ സുരക്ഷാഭീഷണിയൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് ചോര്‍ത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT