കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. തൊഴിലാളി നിയമ ഭേദഗതികള്‍, വൈദ്യുതി നിയമത്തിലെ മാറ്റങ്ങള്‍, കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് സമരം. ഭാരതീയ മസ്ദൂര്‍ സംഘം (BMS) ഒഴികെയുള്ള പ്രധാന ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും. സി.പി.എം., സി.പി.ഐ., വിവിധ കര്‍ഷക സംഘടനകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള സംസ്ഥാന ഗതാഗത സര്‍വീസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ തുടങ്ങിയവയുടെ സര്‍വീസ് പല സ്ഥലങ്ങളിലും നിലച്ചേക്കാം. ചരക്ക് ഗതാഗതത്തിലും തടസ്സം ഉണ്ടാകാനിടയുണ്ട്. ബാങ്ക് ജീവനക്കാരുടെ പങ്കാളിത്തം മൂലം ശാഖകളിലെ ഇടപാടുകള്‍, ചെക്ക് ക്ലിയറന്‍സ്, കാഷ് ഇടപാടുകള്‍ എന്നിവ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. എ.ടി.എം. സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളും സാധാരണ നിലയില്‍ തുടരുമെന്നാണു സൂചന. കടകളും വ്യാപാര സ്ഥാപനങ്ങളും ഭാഗികമായോ പൂര്‍ണമായോ അടഞ്ഞേക്കാം. വ്യവസായ, നിര്‍മാണ മേഖലകളിലും പ്രവര്‍ത്തനം മന്ദഗതിയിലാകാന്‍ സാധ്യതയുണ്ട്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍ വിതരണം, കുടിവെള്ള വിതരണം, ആംബുലന്‍സ് സേവനങ്ങള്‍, പത്ര വിതരണം തുടങ്ങിയവ സാധാരണ നിലയില്‍ നടക്കും.
പുതിയ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കണം, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കണം, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളോടെയുളള സമരത്തില്‍ രാജ്യത്തെ ഏകദേശം 30 കോടി തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വിശദീകരിച്ചു.
മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, യാത്രകളും ബാങ്കിംഗ് ഇടപാടുകളും മുന്‍കൂര്‍ ക്രമീകരണം ആവശ്യമായിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine