News & Views

ഭീമ ഗോവിന്ദനെയും സംഘത്തെയും പുറത്താക്കി മറുപക്ഷം; സ്വര്‍ണ വ്യാപാരികളുടെ സംഘടനയിലെ ഭിന്നത പുതിയ തലത്തിലേക്ക്

മാര്‍ച്ച് 12 ന് സംസ്ഥാന കൗണ്‍സില്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് രൂപം നല്‍കുമെന്നും ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ വ്യക്തമാക്കി

Dhanam News Desk

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ പ്രതിസന്ധി പുതിയ വഴിത്തിരിവില്‍. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഡോ. ബി. ഗോവിന്ദന്‍, ബിന്ദു മാധവ്, റോയ് പാലത്തറ എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള പക്ഷം.

നിലവിലുള്ള 12 ജില്ലാ കമ്മിറ്റികളും 112 അംഗ കൗണ്‍സിലര്‍മാരില്‍ 99 പേരും തങ്ങള്‍ക്കൊപ്പമാണെന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് അയമു ഹാജി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഏര്‍ബാദ്, സെക്രട്ടറി എസ്. പളനി എന്നിവര്‍ വ്യക്തമാക്കി.

സ്വര്‍ണവില നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലും സ്വര്‍ണ വ്യാപാരികളുടെയും ഉപയോക്താക്കളുടെയും താല്പര്യം നടപ്പിലാക്കാന്‍ പുറത്താക്കപ്പെട്ടവര്‍ അനുവദിക്കുന്നില്ല. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ള റേറ്റ് കമ്മിറ്റി അംഗങ്ങളോട് പോലും ആലോചിക്കാതെ സ്വന്തം താല്പര്യപ്രകാരമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സ്വര്‍ണവില പ്രഖ്യാപിച്ചു കൊണ്ടിരുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

എ.കെ.ജി.എസ്.എം.എ ആസ്ഥാനമായ സ്വര്‍ണഭവന്റെയും, സംഘടനയുടെയും അവകാശ തര്‍ക്കങ്ങളെ കുറിച്ചുള്ള കേസുകള്‍ വിവിധ കോടതികള്‍ നടക്കുകയാണ്. മാര്‍ച്ച് 12 ന് സംസ്ഥാന കൗണ്‍സില്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് രൂപം നല്‍കുമെന്നും ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.

സീറോ പണിക്കൂലി തട്ടിപ്പ് അന്വേഷിക്കണം

മതപരമായ നാമങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 30 ശതമാനം വരെ പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ജുവലറി ഗ്രൂപ്പിനെതിരേ അന്വേഷണം നടത്തണമെന്ന് അഡ്വ. അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.

വലിയ പലിശ വാഗ്ദാനം ചെയ്ത് കേരളത്തില്‍ ഉടനീളം നിരവധി പേരില്‍ നിന്ന് കോടികളാണ് ഈ ജുവലറി ഗ്രൂപ്പ് തട്ടിയത്. പണം തിരിച്ചു ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ ഈ ജുവലറിയുടെ ശാഖകള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി വരുന്നുണ്ട്. എന്നിട്ടു പോലും അന്വേഷണം നടത്താന്‍ പോലീസ് മടിക്കകുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര മേഖലയുടെ തകര്‍ച്ചയ്ക്ക് ഇതു കാരണമാകുമെന്നും അബ്ദുല്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.

ഭിന്നതയിലേക്കുള്ള വഴി

1945ല്‍ രൂപീകൃതമായ സംഘടനയില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2013 ല്‍ പിളര്‍പ്പുണ്ടായി. അന്ന് ഭിന്നിച്ചു പോയവരെ സംഘടനയിലേക്ക് തിരിച്ചെടുത്തതാണ് പുതിയ പ്രശ്‌നങ്ങളുടെ കാരണങ്ങളിലൊന്ന്. ആലപ്പുഴ മുല്ലയ്ക്കലിലാണ് രജിസ്റ്റേഡ് ഓഫീസ്. എറണാകുളത്ത് പി.ടി. ചെറിയാന്‍ സ്വര്‍ണ ഭവനാണ് ആസ്ഥാനം. ഫെബ്രുവരി ഒന്‍പതിന് സംഘടന തിരഞ്ഞെടുപ്പ് നടന്നു. ഇതിനുശേഷമാണ് സംഘടന വിട്ടുപോയവരെ തിരിച്ചെടുത്തത്. അതിനു പിന്നാലെയാണ് എ.കെ.ജി.എസ്.എം.എയില്‍ വീണ്ടും ഭിന്നത രൂക്ഷമായത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT