News & Views

ഉത്‌സവ-ആഘോഷങ്ങളില്‍ നിന്ന് ആനയെ ഒഴിവാക്കി തുടങ്ങി, വെടിക്കെട്ടിനും ബദലുണ്ട്....പടക്ക വ്യവസായത്തിന്റെ മുഖം മാറുമോ?

ആനയും വെടിക്കെട്ടുമില്ലാതെ തൃശൂര്‍ പൂരം, പൂരമാവില്ല. പല ഉത്‌സവങ്ങളുടെയും കഥ അതാണ്. എന്നാല്‍ ഇടയുന്ന ആനയും കൊല്ലുന്ന വെടിക്കെട്ടും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ആനയെ മാറ്റി നിര്‍ത്തി, എഴുന്നെള്ളത്തിന് പുതിയ രീതി സ്വീകരിച്ച എത്രയോ ദേവാലയങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്...

Dhanam News Desk

കേരളത്തിലെ ഉത്‌സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും വെടിക്കെട്ട് അഥവാ, കരിമരുന്ന് കലാപ്രകടനം ഒഴിവാക്കാനാവാത്ത ഒരാചാരം. എന്നാല്‍ മനുഷ്യജീവനുകള്‍ പൊലിയുന്ന അപകടങ്ങള്‍ അടിക്കടി ഉണ്ടാവുന്നു. വലിയൊരു സുരക്ഷിതത്വ പ്രശ്‌നം ഒളിഞ്ഞിരിക്കുന്ന പടക്ക വ്യവസായത്തില്‍ സ്വീകരിക്കാവുന്ന ബദലുകള്‍ എന്തൊക്കെയാണ്?

ഉത്‌സവകാല വ്യവസായം

തമിഴ്‌നാട്ടിലെ ശിവകാശി പോലുള്ള സംഘടിത ഉത്പാദന കേന്ദ്രങ്ങള്‍ കേരളത്തില്‍ ഇല്ലെങ്കിലും, ഇവിടെ പടക്ക വ്യവസായം ഉത്സവകാലം കേന്ദ്രീകരിച്ചുള്ള സീസണല്‍ വിപണിയാണ്. തൃശൂര്‍, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആവശ്യകത. ക്ഷേത്രോത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, സ്വകാര്യ ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ നേരിട്ടും പരോക്ഷമായും ഈ മേഖലയിലുണ്ട്.

എന്നാല്‍ ഈ മേഖലയിലെ പ്രധാന പ്രശ്‌നം അസംഘടിത സ്വഭാവം തന്നെയാണ്. സ്ഥിരമായ കണക്കുകള്‍ ഇല്ലാത്തതിനാല്‍ കൃത്യമായ വിപണി വലുപ്പം വിലയിരുത്തുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ക്ഷേത്ര സമ്പദ്വ്യവസ്ഥ, ടൂറിസം, പ്രാദേശിക തൊഴില്‍ എന്നിവയിലൂടെ ഈ വ്യവസായം കോടികളുടെ ഇടപാടുകള്‍ സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

പടക്കങ്ങളുടെ ശാസ്ത്രം

പടക്കങ്ങള്‍ സാധാരണ പൊട്ടിത്തെറിക്കല്‍ മാത്രമല്ല, അത് നിയന്ത്രിത രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഒരു പടക്കത്തില്‍ പ്രധാനമായും ഉണ്ടാകുന്ന ഘടകങ്ങള്‍ ഇവയാണ്: ഓക്‌സിഡൈസറുകള്‍ (ഉദാ: പൊട്ടാസ്യം നൈട്രേറ്റ്), ഇന്ധനം (ചാര്‍ക്കോള്‍, സള്‍ഫര്‍, ലോഹങ്ങള്‍), നിറം നല്‍കുന്ന ലവണങ്ങള്‍. നിറങ്ങള്‍ വ്യത്യസ്ത മൂലകങ്ങളിലൂടെ ഉണ്ടാകുന്നു: സ്‌ട്രോണ്‍ഷ്യം -ചുവപ്പ്, ബേറിയം -പച്ച, സോഡിയം -മഞ്ഞ, ചെമ്പ് -നീല. ഇവ കത്തുമ്പോള്‍ ചൂടും വെളിച്ചവും വാതകങ്ങളും പുറത്തിറങ്ങുന്നു. അതിലൂടെ നമ്മള്‍ കാണുന്ന വിസ്‌ഫോടനങ്ങളും പ്രകാശവും ഉണ്ടാകുന്നു. ഷെല്ലിന്റെ ഉള്ളിലെ സമ്മര്‍ദ്ദം കൂടുമ്പോള്‍ അത് പൊട്ടി ''സ്റ്റാര്‍സ്'' പുറത്തേക്ക് ചിതറുന്നതാണ് ആകാശ പടക്കങ്ങളുടെ പ്രധാന സാങ്കേതികത.

കേരളത്തിലെ പടക്കങ്ങള്‍

കേരളത്തിലെ പടക്കങ്ങള്‍ സാധാരണത്തേക്കാള്‍ ശബ്ദ ശക്തിയും തീവ്രതയും കൂടുതലുള്ളവയാണ്, പ്രത്യേകിച്ച് ക്ഷേത്രോത്സവങ്ങളില്‍. ഉത്സവങ്ങളില്‍ നടക്കുന്ന മത്സര പടക്കങ്ങള്‍ കൂടുതല്‍ ശബ്ദവും പ്രകാശവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനാല്‍ അപകടസാധ്യതയും കൂടുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നൂറുകണക്കിന് പടക്കാപകടങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ ലംഘനങ്ങള്‍ പല സംഭവങ്ങളിലും കണ്ടെത്തി. അതായത്, അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സംഭരിക്കുന്നു. സുരക്ഷാ അകലം പാലിക്കുന്നില്ല. താത്കാലിക യൂണിറ്റുകളില്‍ പടക്ക നിര്‍മാണം നടത്തുന്നു. തൊഴിലാളികള്‍ക്ക് പരിശീലനം കുറവ്. തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടതു ചെയ്യുന്നില്ല. ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ഈ മേഖലയിലുളളത്. സുരക്ഷാ പരിശീലനവും ഇന്‍ഷുറന്‍സുമൊക്കെ അപര്യാപ്തം.

പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍

ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ ബദല്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിലൊന്നാണ് കോള്‍ഡ് സ്പാര്‍ക്ക് സംവിധാനം. പൊട്ടിത്തെറിയില്ല. കുറഞ്ഞ പുകയും ശബ്ദവും. സ്‌ഫോടനമോ പുകയോ അമിത ശബ്ദമോ ഇല്ലാതെ തന്നെ പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിനേക്കാള്‍ മനോഹരമായ ദൃശ്യവിസ്മയം ഒരുക്കും. ശബ്ദമലിനീകരണവും പുകയും അപകടവും ഒഴിവാക്കുകയും ആചാരങ്ങള്‍ സംരക്ഷിക്കുകയുമാവാം. സാമ്പത്തികമായി ലാഭകരവും പ്രാദേശികമായി നടപ്പാക്കാന്‍ എളുപ്പവുമാണ്. ചെറിയ തോതില്‍ ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ഇവന്റുകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഗ്രീന്‍ ക്രാക്കേഴ്‌സ് മറ്റൊന്ന്. 30% വരെ മലിനീകരണം കുറവ്. ഹാനികരമായ ലോഹങ്ങള്‍ ഒഴിവാക്കുന്നു. പടക്കങ്ങള്‍ക്ക് പകരമായി ലേസര്‍, ലൈറ്റ് ഷോകള്‍ നഗരങ്ങളില്‍ വ്യാപകമാകുന്നുണ്ട്.

കേരളത്തിലെ പടക്ക വ്യവസായം സംസ്‌കാരവും സുരക്ഷയും തമ്മിലുള്ള ഒരു സമതുലനം തേടുകയാണ്. ആഘോഷങ്ങളുടെ ഭംഗി നിലനിര്‍ത്തുന്നതിനൊപ്പം, അതിന്റെ നടത്തിപ്പ് സുരക്ഷിതമാകാന്‍ കര്‍ശനമായ നിയമങ്ങള്‍ ആവശ്യമുണ്ട്. വെടിക്കെട്ടിന് പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ട്. ഒപ്പം, പരിസ്ഥിതി സൗഹൃദ പരിഹാരങ്ങള്‍ തേടുകയും വേണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT