Representational Image  
News & Views

വെള്ളം മാത്രം മതി, ഭാവി ഇന്ധനമായി ഹൈഡ്രജന്‍; ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫില്ലിംഗ് സ്‌റ്റേഷന്‍ ലേയില്‍

വിജയകരമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും

Dhanam News Desk

രാജ്യത്തെ ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ ഫില്ലിംഗ് സ്റ്റേഷന്‍ ലഡാക്കിലെ ലേയില്‍ തുടങ്ങിയെന്ന് ഊര്‍ജ്ജ രംഗത്തെ പ്രമുഖ കമ്പനിയായ അമര രാജ ഇന്‍ഫ്രാ. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് വേണ്ടി നിര്‍മിച്ച ഫില്ലിംഗ് സ്റ്റേഷന്‍ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉദ്ഘാടനം ചെയ്തു. പ്രതിദിനം 80 കിലോഗ്രാം ഗ്രീന്‍ എനര്‍ജി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റ് രണ്ട് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സമുദ്രനിരപ്പില്‍ നിന്നും 3,400 മീറ്റര്‍ അടി ഉയരത്തില്‍ -25 ഡിഗ്രീ സെല്‍ഷ്യസിനും ഇടയില്‍ താപനിലയുള്ള സ്ഥലത്ത് ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ഹൈഡ്രജന്‍ കേന്ദ്രം സ്ഥാപിച്ചത്.

ലേയിലെ പദ്ധതി വഴികാട്ടിയാകും

നാഷണല്‍ ഹൈഡ്രജന്‍ എനര്‍ജി മിഷന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈഡ്രജന്‍ നിര്‍മാണ - ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് വഴികാട്ടിയാകും ലേയിലെ കേന്ദ്രം. രാജ്യത്ത് കൂടുതല്‍ ഹൈഡ്രജന്‍ ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതി വഴിയൊരുക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ലേയില്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ബസുകള്‍ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ടി.പി.സി. ഇത് വിജയകരമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അധികം വൈകാതെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഹൈഡ്രജന്‍ ഫില്ലിംഗ് സ്റ്റേഷനുകള്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണയോട്ടവും അടുത്ത മാസം നടക്കും.

എന്താണ് ഗ്രീന്‍ ഹൈഡ്രജന്‍

ഭാവിയുടെ ഇന്ധനമെന്ന് അറിയപ്പെടുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ത്യയിലെ പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലാകുമെന്നാണ് കരുതുന്നത്. പുനരുപയോഗ ഇന്ധനം ഉപയോഗിച്ച് ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെ ജലം വിഘടിച്ചാണ് ഹൈഡ്രജന്‍ ഉണ്ടാകുന്നത്. ഈ ഹൈഡ്രജന്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ദ്രവീകൃത രൂപത്തിലുള്ള ഹൈഡ്രജനും ഓക്‌സിജനും ചേര്‍ത്താണ് ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ബാഹുബലി എല്‍.വി.എം 3ക്ക് ഇന്ധനമൊരുക്കുന്നതെന്നും ചേര്‍ത്ത് വായിക്കണം. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനായാല്‍ രാജ്യത്തെ ഗതാഗത രംഗത്ത് വമ്പന്‍ മാറ്റമുണ്ടാക്കാന്‍ ഗ്രീന്‍ ഹൈഡ്രജന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യ നയിക്കും

ഹൈഡ്രജന്‍ നിര്‍മാണത്തിന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിന് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ നടപ്പിലാക്കി വരുന്നു. ഇതിനായി 19,744 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഗ്രീന്‍ ഹൈഡ്രജന്റെ വാര്‍ഷിക ഉത്പാദനം 50 ലക്ഷം മെട്രിക് ടണ്‍ (എം.എം.ടി) ആക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്രോജക്ടുകള്‍ നിലവില്‍ വരും.

ഇ.വികളും ഹൈഡ്രജന്‍ വണ്ടിയും തമ്മിലുള്ള വ്യത്യാസം

വൈദ്യുതിയാല്‍ റീചാര്‍ജ് ചെയ്ത് ബാറ്ററികളില്‍ ശേഖരിക്കുന്ന കറന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഇലക്ട്രിക് വാഹനങ്ങള്‍. ചാര്‍ജ് കഴിഞ്ഞാല്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മാണം. ഏതാണ്ട് സമാനമായ പ്രവര്‍ത്തനമാണ് ഹൈഡ്രജന്‍ വണ്ടികളിലും നടക്കുന്നത്. വാഹനത്തിലെ ഫ്യുവല്‍ സെല്ലില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്തരം വണ്ടികളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതെന്ന് മാത്രം. ഇതിന് വേണ്ട ഗ്രീന്‍ ഹൈഡ്രജന്‍ പ്രത്യേകം ടാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടാകും. സാധാരണ പെട്രോള്‍ പമ്പുകളിലേതിന് സമാനമായ സമയത്ത് തന്നെ ഈ ടാങ്കില്‍ ഹൈഡ്രജന്‍ നിറക്കാനുമാകും. സാധാരണ വാഹനങ്ങള്‍ അപകടകരമായ കാര്‍ബണ്‍ മോണോ ഓക്‌സൈഡ് പോലുള്ള വാതകങ്ങള്‍ പുറത്തുവിടുമ്പോള്‍ ഹൈഡ്രജന്‍ വണ്ടികളില്‍ നിന്നുണ്ടാകുന്ന അവശിഷ്ടം വെള്ളം മാത്രമാണ്.

ഇന്ത്യയിലെ രണ്ടാമത്തെ കാര്‍ കേരളത്തില്‍

നിലവില്‍ ടൊയോട്ടയുടെ മിറാഷ് ആണ് ഇന്ത്യയിലെ ഏക ഹൈഡ്രജന്‍ കാര്‍. കാര്‍ബണ്‍ രഹിത ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ ഒരു തവണ ഇന്ധനം നിറച്ചാല്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. അഞ്ച് കിലോഗ്രാമാണ് ടാങ്ക് കപ്പാസിറ്റി. വാഹനത്തിന്റെ മുന്‍വശത്തുള്ള ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും കൂട്ടിയോജിപ്പിച്ച് നിര്‍മ്മിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ രഹിത ഇന്ധനം ഉപയോഗിക്കുന്നതിനാല്‍ പരിസര മലിനീകരണവും തീരെ കുറവാണ്. 58 ലക്ഷം രൂപയിലധികം വിലയുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഹൈഡ്രജന്‍ കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള മോട്ടോര്‍ വാഹന വകുപ്പ് സ്വന്തമാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT