രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം ഒരു കുടക്കീഴിലേക്ക് എത്തുന്നു. ഡിജിറ്റല്‍ കൊമേഴ്‌സ് സഖ്യം (Digital Commerce Coalition) എന്ന പേരിലാണ് ഈ കമ്പനികള്‍ സംഘടന രൂപീകരിച്ചിരിക്കുന്നത്.
ആമസോണ്‍, സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേര്‍ണല്‍, മീഷോ, സ്വിഗ്ഗി, സെപ്‌റ്റോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഈ സംഘടനയുടെ അംഗങ്ങളാണ്. അതേസമയം, ഫ്‌ളിപ്കാര്‍ട്ട് ഈ സഖ്യത്തില്‍ ഇതുവരെ പങ്കാളികളായിട്ടില്ല.
ഇ-കൊമേഴ്‌സ് മേഖലയിലെ കമ്പനികള്‍ തമ്മിലുള്ള മത്സരത്തിനിടയിലും യോജിക്കാവുന്ന വിഷയങ്ങളിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനും മേഖലയുടെ സുസ്ഥിരവികസനം കാത്തുസൂക്ഷിക്കാനുമാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മയുടെ (Automotive Tyre Manufacturers' Association) രീതിയിലാകും ഈ സംഘടനയും പ്രവര്‍ത്തിക്കുക.
രാജ്യത്തെ ഓണ്‍ലൈന്‍ വിപണിയിലെ ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുക, ചെറുകിട സംരംഭകര്‍ക്കും വിതരണക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, മികച്ച വിതരണ ശൃംഖലകള്‍ ഉറപ്പാക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലും ഗ്രാമങ്ങളിലും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് സൗകര്യവും വര്‍ധിച്ചതോടെ ഇ-കൊമേഴ്സ് വിപണി വലിയ രീതിയിലാണ് വളരുന്നത്. ഈ മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഒരു കൂട്ടായ പ്ലാറ്റ്ഫോം ആവശ്യമാണെന്ന് തിരിച്ചറിവിലാണ് സംഘടനയുടെ രൂപീകരണം.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ 'കോവന്‍ അഡൈ്വസറി ഗ്രൂപ്പ്' ആണ് ഈ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
ഇന്ത്യയിലെ ഇന്റര്‍നെറ്റ്-ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.എം.എ.ഐ (IAMAI), എ.ഡി.ഐ.എഫ് (ADIF) എന്നിവയ്ക്ക് പുറമെയാണ് ഡിജിറ്റല്‍ കൊമേഴ്സ് മേഖലയ്ക്ക് മാത്രമായി ഈ പുതിയ സംഘടന നിലവില്‍ വന്നിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine