ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ആമസോണ്‍ ആഗോളതലത്തില്‍ 30,000 ജീവനക്കാരെ കുറയ്ക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച ഇ-മെയ്ല്‍ സന്ദേശങ്ങളും ലഭിച്ചിരുന്നു. ചെലവ് കുറച്ച് ജീവനക്കാരുടെ പുനര്‍വിന്യാസം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ നീക്കം.
കമ്പനിയുടെ കോര്‍പറേറ്റ് സെക്ഷനുകളില്‍ നിന്ന് ജീവനക്കാരെ കുറയ്ക്കാനാണ് തീരുമാനമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തയനുസരിച്ച് 800-1,000 ജീവനക്കാരെ കമ്പനി ഇന്ത്യയിലും കുറയ്ക്കുന്നുവെന്നാണ് സൂചന.
കൂടിയ ശമ്പളം വാങ്ങുന്ന എച്ച്ആര്‍, കോര്‍പറേറ്റ് സെഷനുകളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്ത്യയിലും തൊഴില്‍നഷ്ടം സംഭവിക്കുക. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ടെക് സെഷനുകളിലുള്ളവര്‍ക്കും തൊഴില്‍ നഷ്ടമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതലായി ആശ്രയിച്ച് ചെലവ് ചുരുക്കാനാണ് നീക്കം.
2023ല്‍ ആമസോണ്‍ ഇന്ത്യ 500ഓളം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ആഗോളതലത്തില്‍ 9,000 ജീവനക്കാരെ കുറച്ചതിന്റെ ഭാഗമായിട്ടായിരുന്നു അന്നത്തെ പിരിച്ചുവിടല്‍. ആമസോണിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ കമ്പനി സൃഷ്ടിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ആമസോണ്‍ വണ്ടറി (wondery) പോഡ്കാസ്റ്റ് സെഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സിഇഒ അടക്കം 110 പേര്‍ക്കാണ് അന്ന് തൊഴില്‍നഷ്ടം സംഭവിച്ചത്. ലാഭകരമല്ലാത്ത ഡിവിഷനുകള്‍ പുനക്രമീകരിക്കുകയോ പൂട്ടുകയോ ആണ് ആമസോണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനചെലവ് പരമാവധി കുറയ്ക്കുകയെന്ന നയത്തിന്റെ ഭാഗമാണിത്.
2021ല്‍ ചുമതലയേറ്റ സിഇഒ ആന്‍ഡി ജാസി തുടക്കം മുതല്‍ ചെലവുചുരുക്കല്‍ നയങ്ങളാണ് പിന്തുടരുന്നത്. മനുഷ്യവിഭവശേഷി പരമാവധി കുറയ്ക്കുകവഴി ചെലവുകള്‍ ഒരുപരിധി വരെ താഴ്ത്താമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine