image credit :www.instagram.com/anantambani.1995, www.instagram.com/mukesh.ambani19 
News & Views

അംബാനി കല്യാണം ഹോട്ടലുകാര്‍ക്കും ചാകര, മുറിവാടകയില്‍ 600 ശതമാനം വര്‍ധന

ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഹോട്ടലുകാര്‍ ഈടാക്കുന്നത്

Dhanam News Desk

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയുടെയും രാധിക മെര്‍ച്ചന്റിന്റെയും ആഡംബര വിവാഹ ഒരുക്കങ്ങള്‍ ഹോട്ടല്‍ മേഖലയ്ക്കും ചാകരയായി. ജൂലൈ 12ന് നടക്കുന്ന വിവാഹത്തോടനുബന്ധിച്ച് മുംബയിലെ ബാന്ദ്ര-കുര്‍ല കോംപ്ലക്‌സ് (ബി.കെ.സി) പരിസരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം അതിഥികളെക്കൊണ്ട് നിറഞ്ഞു. മുറികളെല്ലാം വിറ്റുതീര്‍ന്നെന്നാണ് ഹോട്ടല്‍ ബുക്കിംഗ് സൈറ്റുകളായ ഗോഐബിബോയും മേക്ക്‌മൈട്രിപ്പും പറയുന്നത്. സാധാരണ 13,000 രൂപ ഈടാക്കുന്ന മുറികള്‍ക്ക് ജൂലൈ 14 വരെ ഒരു രാത്രിക്ക് 91,350 രൂപയാണ് നിരക്ക്, ഏതാണ്ട് 600 ശതമാനത്തോളം വര്‍ധന.

മുംബയ് നഗരത്തിലെ റിയല്‍ എസ്‌റ്റേറ്റ് ഹബ്ബുകളിലൊന്നായ ബാന്ദ്ര-കുര്‍ല കോംപ്ലക്‌സിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിനെത്തുന്ന അതിഥികള്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ഹോട്ടല്‍ നിരക്കുകള്‍ കുതിച്ചുകയറി. ജൂലൈ 12 മുതല്‍ 14 വരെ നടക്കുന്ന ആഘോഷങ്ങള്‍ക്കായി വിദേശത്ത് നിന്നടക്കം നിരവധി സെലിബ്രിറ്റികളും എത്തുന്നുണ്ട്. ജൂലൈ അഞ്ചിന് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പാടാനെത്തിയതും 83.5 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയതും വാര്‍ത്തയായിരുന്നു. ബീബറിന് പുറമെ റിഹാന, ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ്, കാറ്റി പെറി തുടങ്ങിയ നിരവധി പേരും അംബാനി കല്യാണം ആഘോഷമാക്കാനെത്തി.

ട്രാഫിക് നിയന്ത്രണം, പ്രദേശവാസികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം

വമ്പന്‍ പുലികളെത്തുന്ന കല്യാണത്തിന് മുന്നോടിയായി ബി.കെ.സി പരിസരത്ത് ട്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുംബയ് പൊലീസ് അറിയിച്ചിട്ടുണ്ട്. ജൂലൈ 12 അര്‍ധരാത്രി മുതല്‍ 15 വരെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള റോഡ് പൊലീസ് നിയന്ത്രണത്തിലാകും. അതേസമയം, ബി.കെ.സിയില്‍ വലിയ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓയില്‍, എസ്.ബി.ഐ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗ്രേഡ് എ ഓഫീസര്‍മാർ താമസിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ബി.കെ.സി. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കടക്കം ശാഖകളുള്ള മുംബയ് നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലങ്ങളിലൊന്ന് കൂടിയാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT