image credit : canva and isha ambani  
News & Views

ജി.ഡി.പിയുടെ പന്ത്രണ്ടില്‍ ഒന്ന് അംബാനി കുടുംബത്തിന് സ്വന്തം, ഹുറൂണ്‍ സമ്പന്ന പട്ടികയില്‍ ഒന്നാമത്, ടോപ് 10ലെ കുടുംബങ്ങളുടെ ലിസ്റ്റ് ഇങ്ങനെ

ആദ്യ മൂന്ന് കുടുംബത്തിന്റെ ആസ്തി ഫിലിപ്പൈന്‍സിന്റെ ജി.ഡി.പിക്ക് തുല്യമാണ്

Dhanam News Desk

രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബ ബിസിനസ് പദവി അംബാനി കുടുംബത്തിന്. ഹുറൂണ്‍ ഇന്ത്യ തയ്യാറാക്കിയ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അദാനി കുടുംബം ഒന്നാമതെത്തുന്നത്. ഏതാണ്ട് 28.2 ലക്ഷം കോടി രൂപയാണ് അംബാനി കുടുംബത്തിന്റെ ആകെ സമ്പാദ്യം. ഇന്ത്യയുടെ ജി.ഡി.പിയുടെ 8.33 ശതമാനമാണിത് (പന്ത്രണ്ടില്‍ ഒരു ശതമാനം). ആദ്യ മൂന്നിലെത്തിയ മൂന്ന് കുടുംബത്തിന്റെയും കൂടി ആകെ സമ്പത്ത് കൂട്ടിയാല്‍ ഏതാണ്ട് 40.4 ലക്ഷം കോടി രൂപയെത്തും. കൊളംബിയ, അര്‍ജന്റീന, പോളണ്ട്, തായ്‌ലാന്‍ഡ്, ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളുടെ ആകെ ജി.ഡി.പിക്ക് തുല്യമാണിത്.

ആദ്യ മൂന്ന് ഇങ്ങനെ

6.5 ലക്ഷം കോടി രൂപയുടെ സമ്പാദ്യവുമായി കുമാര്‍ മംഗള ബിര്‍ള കുടുംബം പട്ടികയില്‍ രണ്ടാമതെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 1.1 ലക്ഷം കോടി രൂപയുടെ വര്‍ധന സമ്പത്തിലുണ്ടായി. കുമാര്‍ മംഗലം ബിര്‍ളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പ് സിമന്റ് വ്യവസായത്തിലാണ് ശ്രദ്ധിക്കുന്നത്. 1850 കളില്‍ തുടങ്ങിയ കമ്പനിയെ ഇപ്പോള്‍ നയിക്കുന്നത് നാലാം തലമുറയാണ്. ഒരുലക്ഷം കോടി രൂപ വര്‍ധിച്ച് 5.7 ലക്ഷം കോടി രൂപയുടെ സമ്പത്ത് രേഖപ്പെടുത്തിയ ജിന്‍ഡാല്‍ കുടുംബം ആദ്യ മൂന്നിലെത്തി. സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള കുടുംബ ബിസിനസ് ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍ എന്ന കമ്പനിയിലൂടെ മെറ്റല്‍ ആന്‍ഡ് മൈനിംഗ് വ്യവസായത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ബജാജും മഹീന്ദ്രയും

നാലാം സ്ഥാനത്തെത്തിയത് ബജാജ് കുടുംബമാണ്. 5.6 ലക്ഷം കോടി രൂപയാണ് കുടുംബത്തിന്റെ ആസ്തി. 1926 മുതല്‍ ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ നിലവില്‍ നയിക്കുന്നത് സഞ്ജീവ് ബജാജാണ്. 5.4 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മഹീന്ദ്ര കുടുംബമാണ് അഞ്ചാം സ്ഥാനത്ത്. ഓട്ടോമൊബൈല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ നിലവില്‍ ആനന്ദ് മഹീന്ദ്രയാണ് നയിക്കുന്നത്.

എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ നാടാര്‍ കുടുംബമാണ് ആറാം സ്ഥാനത്തുള്ളത്. റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്തി 4.7 ലക്ഷം കോടി രൂപയാണ്. 2.9 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുരുഗപ്പ കുടുംബമാണ് തൊട്ടുപിന്നില്‍. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് എന്ന കമ്പനിയാണ് കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ളത്.

ലോഹ, ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയെ നയിക്കുന്ന അനില്‍ അഗര്‍വാള്‍ കുടുംബമാണ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ളത്. 2.6 ലക്ഷം കോടി രൂപയാണ് കുടുംബത്തിന്റെ ആസ്തി. ഏഷ്യന്‍ പെയിന്റ്‌സിന്റെ ഡാനി, ചോക്‌സി, വക്കില്‍ കുടുംബങ്ങളാണ് ഹൂറൂണ്‍ സമ്പന്ന കുടുംബ പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്. ആര്‍.ശ്രീസായി നയിക്കുന്ന കുടുംബ ബിസിനസിന്റെ ആസ്തി 2.2 ലക്ഷം കോടി രൂപയാണ്.

The Ambani family has topped the 2025 Hurun India Most Valuable Family Businesses list, with a valuation close to one-twelfth of India’s GDP, reflecting their unmatched dominance in the corporate landscape.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT