World happiness index Image courtesy: canva
News & Views

അമേരിക്കക്കാര്‍ അത്ര ഹാപ്പിയല്ല! സന്തോഷ പട്ടികയില്‍ താഴോട്ട്: ഇന്ത്യയുടെ സ്ഥാനം എവിടെ?

തുടര്‍ച്ചയായ എട്ടാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യമെന്ന പദവി ഫിന്‍ലാന്‍ഡ് നിലനിര്‍ത്തി

Dhanam News Desk

ജീവിത സന്തോഷത്തിന്റെ കാര്യത്തില്‍ അമേരിക്ക പിന്നോട്ടു പോകുന്നുവെന്ന് ഐക്യ രാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയുടെ സ്ഥാനം പട്ടികയില്‍ 24-ാം സ്ഥാനത്താണ്. അവരുടെ ഏറ്റവും കുറഞ്ഞ റേറ്റിംഗാണിത്. ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വെല്‍ബീയിംഗ് റിസര്‍ച്ച് സെന്ററും സര്‍വെ സ്ഥാപനമായ ഗാലപ്പും ചേര്‍ന്നാണ് ഐക്യ രാഷ്ട്ര സഭക്കു വേണ്ടി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഓരോ രാജ്യത്തെയും കഴിഞ്ഞ മൂന്നു വര്‍ഷത്തെ ജന ജീവിതത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ജീവിതത്തിലെ സംതൃപ്തി, ആളോഹരി വരുമാനം, സാമൂഹ്യ സുരക്ഷ, ആരോഗ്യത്തോടെയുള്ള ആയുസ്, സ്വാതന്ത്ര്യം, മറ്റുള്ളവരോടുള്ള അനുകമ്പ, പൊതു രംഗത്തെ അഴിമതി എന്നിവയാണ് പഠനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍.


ഫിന്‍ലാന്‍ഡ് തന്നെ ഒന്നാമത്

തുടര്‍ച്ചയായ എട്ടാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യമെന്ന പദവി ഫിന്‍ലാന്‍ഡ് നിലനിര്‍ത്തി. പരിസ്ഥിതി സംരക്ഷണം, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവയാണ് അവിടുത്തെ ജനങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്റ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യസ്ഥാനങ്ങളില്‍. ജര്‍മനി 22-ാം സ്ഥാനത്തും യുകെ 23-ാം സ്ഥാനത്തുമാണ്.

ഗള്‍ഫില്‍ യുഎഇ

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് യുഎഇ ആണ്. ലോക റാങ്കിംഗില്‍ 21-ാം സ്ഥാനമാണ്. അമേരിക്കയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനം. കുവൈത്ത് (30), സൗദി അറേബ്യ (32), ഒമാന്‍ (52), ബഹ്‌റൈന്‍ (59) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം.


ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍ !

ഇന്ത്യക്കാരെക്കാള്‍ സന്തോഷം പാക്കിസ്ഥാന്‍കാര്‍ക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം 118 ആണ്. പാക്കിസ്ഥാന്‍ 109-ാം സ്ഥാനത്തും. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് രണ്ടും. അഫ്ഗാനിസ്ഥാന്‍ 147-ാം സ്ഥാനത്താണ്.

'' ഉയര്‍ന്ന ശമ്പളവും സമ്പത്തും നേടുന്നതിനേക്കാള്‍ മറ്റുള്ളവരോട് അനുകമ്പയുള്ളവരാകാന്‍ തയ്യാറാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് ഈ വര്‍ഷത്തെ പഠനത്തില്‍ കണ്ടെത്തിയത്. ശക്തമായ സാമ്പത്തിക വ്യവസ്ഥക്കൊപ്പം ശക്തമായ സാമൂഹ്യ വ്യവസ്ഥ കൂടി ഉണ്ടാകേണ്ടതുണ്ട്. സന്തോഷമെന്നത് സമ്പത്തോ വളര്‍ച്ചയോ മാത്രമല്ല. ജനങ്ങള്‍ തമ്മിലുള്ള മികച്ച ബന്ധം, മറ്റുള്ളവര്‍ക്ക് പിന്തുണ എന്നിവയും പ്രധാന ഘടകകമാണ്.'' പഠനം നടത്തിയ സ്ഥാപനമായ ഗാലപ്പിന്റെ സിഇഒ ജോണ്‍ ക്ലിഫ്റ്റണ്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT