അമൃത് ഫാർമസിയുടെ നവീകരിച്ച ബ്രാൻഡ് ഐഡന്റിറ്റിയും ലോഗോയും എച്ച്എൽഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി പ്രകാശനം ചെയ്യുന്നു. 
News & Views

എച്ച്.എല്‍.എല്ലിന്റെ അമൃത് ഫാര്‍മസികള്‍ക്ക് പുതിയ രൂപം; രാജ്യം മുഴുവന്‍ ശൃംഖല വ്യാപിപ്പിക്കും

രാജ്യത്താകെ 222 അമൃത് ഫാര്‍മസികളാണ് പ്രവര്‍ത്തിക്കുന്നത്

Dhanam News Desk

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്കെയറിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തില്‍, കുറഞ്ഞ വിലയില്‍ മരുന്നുകളും ഇംപ്ലാന്റുകളും ലഭ്യമാക്കുന്ന ജനപ്രിയ ഫാര്‍മസി ശൃംഖലയായ അമൃത് (Affordable Medicines and Reliable Implants for Treatment) ഫാര്‍മസികള്‍ക്ക് പുതിയ രൂപവും ഭാവവും. പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, അമൃത് ഫാര്‍മസിയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും എച്ച്.എല്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി ഔദ്യോഗികമായി പ്രകാശനം ചെയ്തു.

പുതിയ മാറ്റം രാജ്യമെമ്പാടുമുള്ള സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച മരുന്നുകള്‍ ലഭ്യമാക്കുക എന്ന അമൃത് ഫാര്‍മസിയുടെ ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡോ. അനിത തമ്പി പറഞ്ഞു. മുന്നോട്ടുള്ള യാത്രയിലെ പുതിയ അധ്യായമാണ് അമൃത് എന്ന ബ്രാന്‍ഡിലൂടെ എച്ച്.എല്‍.എല്‍ കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ വിലയില്‍ ലോകോത്തര നിലവാരവുമുള്ള ഇംപ്ലാന്റ് ഉല്‍പ്പന്നങ്ങള്‍ അമൃത് ഫാര്‍മസികളിലൂടെ ആവശ്യക്കാരിലേക്ക് എച്ച്എല്‍എല്‍ എത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ 2015-ല്‍ ആരംഭിച്ച അമൃത് ഫാര്‍മസികള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ലഭ്യമാക്കുന്ന ഫാര്‍മസി ശൃംഖലയാണ്. ഇന്ന് 25 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 222 അമൃത് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറ് കോടിയിലധികം രോഗികള്‍ക്ക് അമൃത് ഫാര്‍മസികളിലൂടെ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി. 13,104 കോടി രൂപയുടെ മരുന്നുകളും ആരോഗ്യ ഉപകരണങ്ങളുമാണ് ഇതുവരെ വിതരണം ചെയ്തത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഏകദേശം 6,500 കോടി രൂപയുടെ ലാഭമാണ് മരുന്നിന്റെ ചെലവില്‍ നേടിക്കൊടുക്കാനായത്. കൂടാതെ, അമൃത് ഫാര്‍മസികള്‍ ആരംഭിച്ചതിലൂടെ രാജ്യത്തുടനീളമായി 1700-ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായെന്നും എച്ച്.എല്‍.എല്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT