News & Views

'ഉള്ളിലിരുപ്പ്' തുറന്നു പറഞ്ഞ് വി.ഡി സതീശന്‍; നിലപാടുകള്‍, രാഷ്ട്രീയം, ദിനചര്യ...

രാഷ്ട്രീയത്തിലെ കർക്കശമായ നിലപാടുകളും കുടുംബത്തോടുള്ള സ്നേഹവും പുസ്തകങ്ങളോടുള്ള പ്രണയവും ചേർന്നതാണ് വി.ഡി. സതീശൻ എന്ന വ്യക്തിത്വം

Dhanam News Desk

കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്റെ വ്യക്തിജീവിതത്തിലേക്കും രാഷ്ട്രീയ നിലപാടുകളിലേക്കും വെളിച്ചം വീശുന്നതാണ് ധനം മാഗസിനിലെ 'ഉളളിലിരുപ്പ്' പംക്തിയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജീവിത രേഖ. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, അച്ചടക്കമുള്ള ജീവിതശൈലിയും ആഴത്തിലുള്ള വായനാശീലവുമുള്ള ഒരു വ്യക്തിത്വത്തെയാണ് ഇതിൽ നമുക്ക് കാണാൻ സാധിക്കുക.

ഒരു മണിക്കൂര്‍ പുസ്തകം വായിക്കാതെ ഉറങ്ങാറില്ല

രാവിലെ എഴുന്നേറ്റാല്‍?

നേരത്തെ എഴുന്നേല്‍ക്കും. ഇപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നടക്കാന്‍ പോകാറില്ല. യോഗ ചെയ്യാറുണ്ട്.

ഇഷ്ട ഭക്ഷണം?

എല്ലാ ഭക്ഷണവും കഴിക്കും, അതും മിതമായി മാത്രം. ഉച്ചയ്ക്കാണെങ്കില്‍ ഒരു കപ്പ് ചോറും കുറച്ച് സാലഡും.

സൗഹൃദങ്ങള്‍?

രാഷ്ട്രീയത്തിലും അല്ലാതെയും സൗഹൃദങ്ങളുണ്ട്. പക്ഷേ എന്റെ ഏറ്റവും വലിയ കൂട്ട് മകള്‍ തന്നെയാണ്.

പുസ്തക വായന?

രാത്രി എത്ര വൈകിയാലും ഒരു മണിക്കൂര്‍ പുസ്തകം വായിക്കാതെ ഉറങ്ങാറില്ല. അത് നിര്‍ബന്ധമാണ്.

വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവ?

ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. അതിലെ വാചകങ്ങള്‍ കാണാതെ പഠിക്കലായിരുന്നു കോളെജ് കാലത്തെ പ്രധാന ഹോബി.

ഒരു വ്യക്തി വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍?

ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഗ്ലിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി. പിന്നെ ദി റിമെയ്ന്‍സ് ഓഫ് ദി ഡേ, ഒഹാന്‍ പാമുക്കിന്റെ മൈ നെയിം ഈസ് റെഡ്. കൂടാതെ മഹാഭാരതം, രാമായണം തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളും.

ഓര്‍മയിലെ നല്ല അനുഭവം?

ഒരു ട്രെയിന്‍ യാത്രയ്ക്കിടെ ഒഹാന്‍ പാമുക്കിന്റെ ഇസ്താംബൂള്‍ വായിച്ച് രസിച്ചിരിക്കുകയായിരുന്നു. എതിര്‍ വശത്ത് എഴുത്തുകാരന്‍ ടി.പി രാജീവന്‍ ഇരിക്കുന്നുണ്ടായിരുന്നു. പാമുക്കിന്റെ സാഹിത്യ ലോകത്തേക്ക് അദ്ദേഹം എന്നെ കൊണ്ടുപോയി. മരിക്കുന്നതിന് മുമ്പും അദ്ദേഹം എന്നെ വിളിച്ചു. പാമുക്കിന്റെ മറ്റൊരു പുസ്തകമായ നൈറ്റ് ഓഫ് പ്ലേഗ് എന്നെ പരിചയപ്പെടുത്തി.

സംസാരിക്കാന്‍ ഇഷ്ടമുള്ള വിഷയം?

പുസ്തകങ്ങളെ കുറിച്ച്. പുതുതലമുറയോട് പുതിയ കാര്യങ്ങളും പിന്നെ രാഷ്ട്രീയവും ചരിത്രവും സംസാരിക്കും.

യാത്ര പോകാറുണ്ടോ?

എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ മാത്രം വിദേശത്ത് യാത്ര പോകും. അവസാനമായി ലണ്ടനില്‍ പോയപ്പോള്‍ നല്ല അനുഭവമായിരുന്നു. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു.

ജീവിതത്തിലെ നേട്ടം?

എണ്ണാന്‍ മാത്രം നേട്ടങ്ങള്‍ പ്രത്യേകിച്ചൊന്നുമില്ല. കുറേക്കാലം എം.എല്‍.എയായി. അതിനു ശേഷമാണല്ലോ ഒരു ക്യാബിനറ്റ് പദവിയിലിരിക്കുന്നത്.

മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം?

വസ്ത്രം എപ്പോഴും ഫ്രഷ് ആയിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. വസ്ത്രം മുഷിഞ്ഞെന്ന് തോന്നുമ്പോള്‍ മാറും. അത് മാറ്റണമെന്ന് ആഗ്രഹിക്കുന്നില്ല. അതൊരു വീക്ക്നെസാണോയെന്ന് ചോദിച്ചാല്‍ ആയിരിക്കാം.

കുടുംബത്തോടൊപ്പമുള്ള സമയം?

തിരക്കിനിടയിലും കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതിനൊക്കെ സമയം കണ്ടെത്തും.

വേദനിപ്പിച്ച കാര്യം?

ഏറ്റവും ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ മരണം. അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണ്.

പിണറായി ഭരണത്തെ കുറിച്ച്?

അതിനെ കുറിച്ചാണല്ലോ ദിവസവും പറയുന്നത്. ജനങ്ങള്‍ ഇത്രയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റൊരു സമയവും ഉണ്ടായിട്ടില്ല. ധൂര്‍ത്തും ധാര്‍ഷ്ട്യവുമാണ് പിണറായി സര്‍ക്കാര്‍. ഈ ഒറ്റ വാചകത്തിലെല്ലാമുണ്ട്.

(Originally published in Dhanam Magazine January 15, 2024 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT