എറണാകുളം ജില്ലയിലെ പ്രകൃതിരമണീയ ഗ്രാമങ്ങളിലൊന്നായ കടമക്കുടിയുടെ സൗന്ദര്യത്തില്‍ മതിമറന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഡിസംബറില്‍ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഉറപ്പായും താന്‍ കടമക്കുടിയിലെത്തുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആനന്ദ് മഹീന്ദ്ര സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ കടമക്കുടിയുടെ പ്രശസ്തി രാജ്യാന്തര തലത്തില്‍ ഉയരുന്നതിനും വഴിയൊരുക്കി.
'ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളില്‍പ്പെടുന്നതാണ് കടമക്കുടി. ഡിസംബറില്‍ കൊച്ചിയിലേക്ക് നടത്തുന്ന ബിസിനസ് യാത്രയ്ക്കിടെ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണിത്.
ഈ ഡിസംബറിലെ തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഈ സ്ഥലം ഉള്‍പ്പെടുന്നുണ്ട്. കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ യാത്ര മാത്രം'- ആനന്ദ് മഹീന്ദ്ര സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഒപ്പം 'എര്‍ത്ത് വാണ്ടറര്‍' എന്ന പേജില്‍ 'ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍' എന്ന ടാഗ് ലൈന്‍ ചേര്‍ത്തു പ്രസിദ്ധീകരിച്ച വിഡിയോയും പങ്കുവെച്ചു.
കടമക്കുടി വീഡിയോ പങ്കുവച്ച ആനന്ദ് മഹീന്ദ്രയെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കേരളത്തിലേക്ക് ക്ഷണിച്ചു. അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതമെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് കടമക്കുടിയുടെ ടൂറിസം വികസനത്തിനും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അദ്ദേഹത്തെ എക്‌സില്‍ പിന്തുടരുന്നുണ്ട്.
കൊച്ചി നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗ്രാമമാണ് കടമക്കുടി. കായലും കരയും പ്രകൃതിസൗന്ദര്യവും ആവോളമുള്ള കടമക്കുടിയുടെ മനോഹാരിത ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine