Canva
News & Views

₹87,500 കോടിയുടെ അദാനി-ഗൂഗ്ള്‍ ഡാറ്റ സെന്റര്‍! 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ്, ഇന്‍സെന്റീവായി ₹22,000 കോടിയും നല്‍കും

അദാനി-ഗൂഗ്ള്‍ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഡന്‍ (Raiden) ഇന്‍ഫോടെക് ഇന്ത്യയെന്ന കമ്പനിയാണ് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്

Dhanam News Desk

ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ അദാനി ഇന്‍ഫ്ര (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വിശാഖപട്ടണം, അനകപ്പള്ളി എന്നീ ജില്ലകളിലാണ് ഭൂമി. അദാനി-ഗൂഗ്ള്‍ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഡന്‍ (Raiden) ഇന്‍ഫോടെക് ഇന്ത്യയെന്ന കമ്പനിയാണ് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്.

അദാനി ഇന്‍ഫ്ര ഉള്‍പ്പെടെ ആറ് കമ്പനികളെ നോട്ടിഫൈഡ് പങ്കാളിയായി റെയ്ഡന്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികയിലെ ആദ്യ കമ്പനിയായതിനാല്‍ അദാനി ഇന്‍ഫ്രക്ക് ഭൂമി കൈമാറണമെന്നും റെയ്ഡന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ചാണ് ഭൂമി അദാനി ഇന്‍ഫ്രക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും ഉത്തരവില്‍ പറയുന്നു.

22,000 കോടി തിരിച്ച് നല്‍കും

ഡാറ്റ സെന്ററിനായി 87,500 കോടി രൂപയാണ് വിവിധ ഘട്ടങ്ങളായി റെയ്ഡന്‍ ഇന്‍ഫോടെക് നിക്ഷേപിക്കുന്നത്. ഇതിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവായി 22,000 കോടി രൂപയും നല്‍കും. റെയ്ഡന് പുറമെ നോട്ടിഫൈഡ് പാര്‍ട്ണര്‍മാരും ഈ ഇന്‍സെന്റീവിന് അര്‍ഹരാണ്.

എ.ഐ കാലത്തെ നേരിടാന്‍

രാജ്യത്തിന്റെ വര്‍ധിച്ച് വരുന്ന എ.ഐ ആവശ്യങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതുന്ന ഡാറ്റ സെന്റര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ അളവിലുള്ള ഡാറ്റ കൈമാറ്റം സാധ്യമാകുന്ന രീതിയിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. രാജ്യത്തെ സംരംഭങ്ങള്‍ക്കും ഡവലപ്പര്‍മാര്‍ക്കും ഗൂഗിളിന്റെ അത്യാധുനിക എ.ഐ ശേഷികള്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാനും ഇതിലൂടെ കഴിയും. സമുദ്രത്തിന് അടിയിലൂടെയുള്ള പുതിയ കേബിള്‍ ശൃംഖല സ്ഥാപിക്കുമെന്നും പദ്ധതിരേഖയില്‍ പറയുന്നു.

ഡാറ്റ സെന്ററുകള്‍

ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ ലോകത്തിന്റെയും വിവര സംഭരണശാലയാണ് ഡാറ്റ സെന്ററുകളെന്ന് ഒറ്റവാക്കില്‍ പറയാം. വെബ്സൈറ്റുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നതിനുള്ള അതിശക്തമായ കമ്പ്യൂട്ടറുകള്‍ (സെര്‍വറുകള്‍) സൂക്ഷിച്ചിട്ടുള്ള വലിയ കെട്ടിടമാണിത്. ഈ സെര്‍വറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ അവ തണുപ്പിക്കാനുള്ള കൂളിംഗ് സംവിധാനങ്ങള്‍, വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ജനറേറ്ററുകള്‍, ഡാറ്റാ മോഷണം തടയാനുള്ള അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെല്ലാം ഡാറ്റാ സെന്ററിനുള്ളില്‍ സജ്ജീകരിച്ചിരിക്കും. മുംബൈ നഗരത്തിന് ഒരു വര്‍ഷം ആവശ്യമായ വൈദ്യുതിയുടെ പകുതി ഈ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി വരുമെന്നാണ് കണക്ക്.

The Andhra Pradesh government has allocated 480 acres in Visakhapatnam for the Adani–Google AI Data Centre, paving the way for a major tech infrastructure boost in the state

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT