ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം.  
News & Views

മൂന്നുവര്‍ഷം കൊണ്ട് വിശാഖപട്ടണം ലുലുമാള്‍ പൂര്‍ത്തിയാക്കും; യുഎഇ നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

ആന്ധ്രയിലെ കര്‍ഷകര്‍ക്ക് അടക്കം പിന്തുണയേകുന്ന വിജയവാഡയിലെ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം മൂന്നു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്നും യൂസഫലി അറിയിച്ചു

Dhanam News Desk

മൂന്ന് ദിവസത്തെ ഔദ്യോഗിക യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു വാണിജ്യ വ്യവസായ രംഗത്തുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കാര്‍ഷികരംഗം, റീട്ടെയ്ല്‍, ടെക്നോളജി അടക്കം വിവിധമേഖലകളിലായി മികച്ച നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായും ചന്ദ്രബാബു നായിഡു അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ആന്ധ്രാപ്രദേശിലെ നിക്ഷേപപദ്ധതികളുടെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ചയായി. വിശാഖപട്ടണത്തെ നിര്‍ദിഷ്ട ഷോപ്പിംഗ് മാളിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 2028 ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ കേന്ദ്രം മൂന്നുമാസത്തിനകം

ആന്ധ്രയിലെ കര്‍ഷകര്‍ക്ക് അടക്കം പിന്തുണയേകുന്ന വിജയവാഡയിലെ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം മൂന്ന് മാസത്തിനകം പ്രവര്‍ത്തനം സജ്ജമാകുമെന്നും യൂസഫലി അറിയിച്ചു. ലുലുവിന്റെ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ എന്‍. ചന്ദ്രബാബു നായിഡു ഉറപ്പ് നല്‍കി.

ഇന്ത്യയിലെ ആദ്യ എഐ ഹബ്ബും ഡിജിറ്റല്‍ ഡാറ്റ സെന്ററും വിശാഖപട്ടണത്ത് യാഥാര്‍ത്ഥ്യമാക്കുമെന്ന ഗൂഗിള്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎഇയിലെ മുന്‍നിര കമ്പനി മേധാവികളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം 2019ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പിന്മാറിയ ലുലുവിനെ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു താല്‍പ്പര്യമെടുത്താണ് വീണ്ടും സംസ്ഥാനത്തേക്ക് എത്തിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT