News & Views

99 രൂപയ്ക്ക് ഇനി മദ്യം, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്ക് നറുക്കെടുപ്പ്; വരുമാനം കൊയ്യാന്‍ ആന്ധ്ര മോഡല്‍

ലൈസന്‍സ് ഇനത്തില്‍ ഓരോ ഷോപ്പിനും 50-85 ലക്ഷം രൂപ വരെ സര്‍ക്കാരിലേക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍

Dhanam News Desk

മദ്യ നയത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിയുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള മദ്യം നല്‍കാനാണ് പുതിയ പരിഷ്‌കാരമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും വരുമാന വര്‍ധനയാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

99 രൂപയ്ക്ക് മദ്യം ലഭ്യമാക്കുകയെന്നതാണ് പുതിയ പരിഷ്‌കാരത്തിലെ പ്രധാന കാര്യം. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ എക്‌സൈസ് പോളിസി പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെ റീട്ടെയ്ല്‍ വില്പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാരിന് ലോട്ടറി

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ മദ്യവില്പന അനുമതി റദ്ദാക്കിയിരുന്നു. ഇതാണ് വീണ്ടും പുനസ്ഥാപിച്ചത്. സംസ്ഥാനത്താകെ പുതുതായി 3,736 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളാകും തുറക്കുക. ഇതില്‍ പത്തു ശതമാനം ഷോപ്പുകള്‍ തെങ്ങുചെത്ത് തൊഴിലാളികള്‍ക്കായി മാറ്റിവയ്ക്കും. ലൈസന്‍സ് ഇനത്തില്‍ ഓരോ ഷോപ്പിനും 50-85 ലക്ഷം രൂപ വരെ സര്‍ക്കാരിലേക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

മദ്യവിപ്‌നയിലൂടെ മുന്‍ സര്‍ക്കാര്‍ 19,000 കോടി രൂപയുടെ അഴിമതി കാണിച്ചെന്നാണ് നായിഡു സര്‍ക്കാരിന്റെ ആരോപണം. മുന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ക്കും അനുയായികള്‍ക്കുമാണ് ഇതിന്റെ നേട്ടം ഉണ്ടായതെന്നുമാണ് തെലുഗുദേശം പാര്‍ട്ടി പറയുന്നത്. മദ്യത്തിന് വില കുറച്ച് നല്‍കുന്നതിലൂടെ യുവാക്കള്‍ മയക്കുമരുന്നിലേക്ക് തടയാനാകുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT