അങ്കമാലി - അരൂർ (അങ്കമാലി - കുണ്ടന്നൂർ) ദേശീയപാത 544 ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ 20 വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിലായതോടെ ജനങ്ങൾ കടുത്ത ദുരിതത്തില്‍. കൊച്ചി ഔട്ടര്‍ റിംഗ് റോഡ് എന്നറിയപ്പെടുന്ന ഈ പദ്ധതി എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറക്കുമെന്നാണ് കരുതുന്നത്. കൂടാതെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വേഗത്തില്‍ എത്തിച്ചേരാനും യാത്രക്കാര്‍ക്ക് സാധിക്കും.
പദ്ധതിക്കായി ഭൂമി അതിർത്തി നിർണയിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായിരുന്നു. തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സമയബന്ധിതമായി 3D വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനെ തുടര്‍ന്ന്, ഒരു വർഷത്തിലേറെയായി 3A വിജ്ഞാപനം റദ്ദാക്കപ്പെട്ട നിലയിലാണ്. ഇതോടെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാതായിരിക്കുകയാണ്.
ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ സാധിക്കുന്നില്ല: പദ്ധതിക്കായി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ച് ഭൂമിയിൽ മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതിനാൽ സ്വന്തം ഭൂമി വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനോ ഉടമകൾക്ക് സാധിക്കുന്നില്ല.
വീടുകളുടെ അറ്റകുറ്റപ്പണി തടസപ്പെട്ടു: കൈവശമുള്ള വീടുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും കഴിയുന്നത്.
മാനസിക സമ്മർദ്ദവും ഭീതിയും: ഭൂമി വിട്ടുനൽകേണ്ടി വരുമോ എന്ന കാര്യത്തിൽ വർഷങ്ങളായി വ്യക്തതയില്ലാത്തതിനാൽ പ്രദേശവാസികൾ വലിയ ആശങ്കയിലും കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ്.
ഒരു പൊതുവികസന പദ്ധതിയുടെ പേരിൽ വ്യക്തമായ തീരുമാനമില്ലാതെ ഭൂവുടമകളെ അനിശ്ചിതത്വത്തിൽ നിർത്തുന്നത് നീതികേടാണെന്ന് അങ്കമാലി - കുണ്ടന്നൂർ ബൈപാസ് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, കേന്ദ്ര സർക്കാർ, NHAI, സംസ്ഥാന സർക്കാർ എന്നിവർ അടിയന്തരമായി ഇടപെട്ട് പദ്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തത വരുത്തണം. ഭൂമി വിൽക്കാനും വായ്പയെടുക്കാനും വീട് പണിയാനും നേരിടുന്ന തടസങ്ങൾക്ക് പരിഹാരം കാണണമെന്ന് ആക്ഷൻ കൗൺസിൽ ജനറല്‍ കണ്‍വീനര്‍ സജി കുടിയിരിപ്പില്‍ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രി വി.ഡി സതീശനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിനും ഇമെയിൽ വഴി അയച്ചിട്ടുണ്ട്. വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ഭൂവുടമകൾക്ക് നീതിപൂർവവും ശാശ്വതവുമായ പരിഹാരം ലഭ്യമാക്കണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികള്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine