News & Views

വന്‍ ആയുധ ഫാക്ടറിയുമായി അനില്‍ അംബാനി, ജര്‍മന്‍ വമ്പന്മാരെ ഇന്ത്യയിലെത്തിക്കാന്‍ റിലയന്‍സ്

2029ഓടെ 50,000 കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ ആയുധ നിര്‍മാണ ഹബ്ബാകാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ കരാര്‍ വലിയ നേട്ടമാകും

Dhanam News Desk

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ജര്‍മന്‍ കമ്പനിയുമായി വന്‍ കരാറിലെത്തി. മഹാരാഷ്ട്രയില്‍ അത്യാധുനിക യുദ്ധ ഉപകരണങ്ങളും ആയുധങ്ങളും നിര്‍മിക്കാനാണ് ഇരുകമ്പനികളും ധാരണയിലെത്തിയത്. റീന്‍മെറ്റല്‍ എ.ജി (Rheinmetall AG) എന്ന കമ്പനിയുമായി ചേര്‍ന്നാണ് റിലയന്‍സ് ഡിഫന്‍സിന്റെ പുതിയ പദ്ധതി.

2029ഓടെ 50,000 കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ ആയുധ നിര്‍മാണ ഹബ്ബാകാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ കരാര്‍ വലിയ നേട്ടമാകും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ പെടുത്തി കൂടുതല്‍ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നുണ്ട്.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

പ്രതിരോധ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും വിദേശനാണ്യവും നേടിത്തരാന്‍ ഈ പദ്ധതിക്ക് സാധിക്കും. പ്രതിവര്‍ഷം രണ്ടുലക്ഷം ആര്‍ട്ടിലറി ഷെല്ലുകളും 10,000 ടണ്‍ വെടിക്കോപ്പുകളും നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് മഹാരാഷ്ട്ര രത്‌നഗിരി വ്യവസായിക മേഖലയിലെ റിലയന്‍സ് ഡിഫന്‍സിന്റെ നിര്‍മാണകേന്ദ്രം. അടുത്ത രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആയുധ നിര്‍മാണ കമ്പനിയാകാനുള്ള തയാറെടുപ്പിലാണ് റിലയന്‍സ് ഡിഫന്‍സ്.

പ്രതിരോധ ഓഹരികളുടെ കുതിപ്പ്

പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ വിജയകരമായ സൈനികനീക്കത്തിനു ശേഷം പ്രതിരോധ ഓഹരികള്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. പാക് സൈനിക കേന്ദ്രങ്ങളില്‍ വലിയ ആഘാതമേല്‍പ്പിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സാധിച്ചുവെന്ന വാര്‍ത്ത കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, പരസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളുടെ കുതിപ്പിന് കാരണമായിരുന്നു.

Anil Ambani’s Reliance teams up with Germany’s Rheinmetall AG to build a major arms factory in Maharashtra targeting ₹50,000 crore in exports

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT